ശ്രീനാരായണപുരം: കട്ടൻബസാറിൽ യുവാവിനെ ക്രൂരമായി കൊല ചെയ്ത കേസിൽ മുഖ്യ പ്രതി അറസ്റ്റിൽ. ഒഡീഷ ഗംഗാപൂർ ലൊട്ടാപ്പിള്ളി സ്വദേശി സുദർശൻ മല്ലിക്ക് മകൻ ശിക്കാർ ടൊഫാൻ എന്നറിയപ്പെടുന്ന ടൊഫാൻ മല്ലിക്ക് (20) ആണ് അറസ്റ്റിലായത് . മുംബൈ ധാരാവി കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ചേരി എന്നറിയപ്പെടുന്ന ഒഡീഷ്യയിലെ നയാപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ സല്യാസാഹി ചേരിയിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത് .
ഒരാഴ്ച്ചയിലധികം നീണ്ട സാഹസിക നീക്കത്തിലൂടെയാണ് കേരള പൊലീസ് ഇയാളെ പിടികൂടിയത് .കഴിഞ്ഞ നാലു വർഷങ്ങളായി കേരളത്തിലുള്ള ഇയാൾ കെട്ടിട നിർമ്മാണ സഹായ തൊഴിലാളിയാണ്.ഒറീസയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള നിരവധി കൊലപാതക കേസുകളിലെ പ്രതികളും ഗുണ്ടകളും നിറഞ്ഞ മൂന്നു ലക്ഷത്തിൽ പരം ആളുകൾ തിങ്ങി പാർക്കുന്നയിടമായ സല്യാസാഹി ചേരിയിൽ മറ്റ് പ്രതികളും ഉണ്ടെന്നറിഞ്ഞ അന്വേഷണ സംഘം തുടർച്ചയായി മൂന്നു ദിവസം ചേരിയിൽ റെയ്ഡ് നടത്തിയെങ്കിലും പ്രതികൂല സാഹചര്യമായതിനാൽ അവരെ കണ്ടെത്താനായില്ല .
ദുർഘടവും ഇടുങ്ങിയതുമായ വഴികളും , തെരുവ് നായ്ക്കൾ ധാരാളം അലഞ്ഞ് നടക്കുന്നതുമായ ഈ ചേരിയിൽ പോലീസിന്റെ ചെറിയ നീക്കങ്ങൾ പോലും പെട്ടെന്ന് പെട്ടെന്ന് ശ്രദ്ധിക്കപ്പെടും . അപരിചിതരായവർ എത്തിയാൽ ഏതുനിമിഷവും ആക്രമിക്കപ്പെടാവുന്ന സാഹചര്യമുണ്ട് . ഇവിടെയാണ് അന്വേഷണ സംഘം പ്രതികളെ തെരഞ്ഞത് . തുടക്കത്തിൽ അന്വേഷണ സംഘത്തോട് നിസഹകരിച്ച പ്രതി കൂടുതൽ ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തുകയായിരുന്നു .
പ്രതിയെ ഒറീസയിലെ നയാപ്പള്ളിയിൽ അറസ്റ്റ് രേഖപ്പെടുത്തി അവിടത്തെ കോടതിയിൽ ഹാജരാക്കി മുഖ്യ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ഇന്നലെ കേരളത്തിൽ എത്തിക്കുകയായിരുന്നു.സെപ്റ്റംബർ 26ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് കൊലപാതകത്തിനിടയായ സംഭവങ്ങളുടെ തുടക്കം . പ്രതികളിൽ ടൊഫാൻ , നബ്ബ , സുശാന്ത് എന്നിവർക്ക് അന്ന് ജോലി ഇല്ലായിരുന്നു . അന്നേ ദിവസം ഉച്ചയ്ക്ക് ഇവർ താമസിക്കുന്ന റൂമിലെത്തിയ വിജിത്ത് മുഖ്യ പ്രതിയോട് 500 രൂപ ആവശ്യപ്പെട്ടുവെന്ന് പോലീസ് പറയുന്നു.
ഇല്ലെന്ന് മുഖ്യ പ്രതി പറഞ്ഞെങ്കിലും ഇതേ ചൊല്ലി തർക്കം ഉണ്ടാകുകയും അടിപിടിയിലെത്തുകയുമായിരുന്നു . തുടർന്ന് പ്രതികൾ വിജിത്തിനെ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു . ഇതിനിടെ ഒന്നാം പ്രതി ടൊഫാൻ അടുക്കളയിൽ നിന്ന് കത്തിയെടുത്ത് വിജിത്തിനെ കുത്തി . ശക്തമായ കുത്തിൽ വാരിയെല്ലുകൾ തകർത്ത് കത്തി കരളിൽ വരെ ആഴ്ന്നിറങ്ങി . മറ്റൊരു പ്രതി ഇരിക്കാൻ ഉപയോഗിക്കുന്ന പലക കൊണ്ട് വിജിത്തിനെ തലക്കടിച്ചുവീഴ്ത്തി .
അടിയും ചവിട്ടും കുത്തുമേറ്റ് ആന്തരീക അവയവങ്ങളും , വാരിയെല്ലുകളും തകർന്ന് വിജിത്ത് തൽക്ഷണം മരണപ്പെട്ടിരിക്കാമെന്നാണ് പോലീസ് കരുതുന്നത് . തുടർന്ന് കൈകാലുകൾ കഴുത്തിനോട് ചേർത്ത് ശരീരം പന്തുപോലെ ചുരുട്ടി പുതപ്പിൽ കെട്ടിപ്പൊതിഞ്ഞുവച്ചു . വൈകിട്ട് പണി കഴിഞ്ഞെത്തിയ മറ്റ് രണ്ടു പേരും കൂടി ചേർന്ന് മ്യതദേഹം തൊട്ടടുത്ത പറന്പിലെ തെങ്ങിനടിയിൽ കൊണ്ടുചെന്നിട്ടു . തിരിച്ചെത്തിയ അഞ്ചു പേരും ചേർന്ന് മുറി തുടച്ചു വൃത്തിയാക്കി , കൊടുങ്ങല്ലൂർ വഴി തൃശൂരിൽ എത്തി രാത്രി തന്നെ ട്രെയിനിൽ ഒറീസ്സയിലേക്ക് മുങ്ങുകയായിരുന്നു .
തൃശൂർ റേഞ്ച് ഡി ഐ ജി എസ് .സുരേന്ദ്രന്റെ നിർദ്ദേശാനുസരണം റൂറൽ എസ് . പി . എൻ . വിജയകുമാരൻ , ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വർഗ്ഗീസിസ് എന്നിവരുടെ നേതൃത്വത്തിൽ രൂപീകരിച്ച ന” ഓപ്പറേഷൻ ശിക്കാർ ‘ എന്ന സംഘത്തിനായിരുന്നു അന്വേഷണ ചുമതല . റൂറൽ ക്രൈം ബ്രാഞ്ച് എസ് ഐ എം.പി. മുഹമ്മദ് റാഫി , മതിലകം എസ് ഐ കെ.പി മിഥുൻ , കെ .എസ് .സൂരജ് , അഡീഷണൽ എസ് ഐ വിജയൻ , എ എസ് ഐ മാരായ തോമസ് , ക്ലീസൻ , ജിജിൽ , സീനിയർ സി പിഒ മാരായ പി . ജയകൃഷ്ണൻ , സി .എ ജോബ് , എം .കെ ഗോപി . സൂരജ് .വി .ദേവ് , ഷഫീർ ബാബു , സി പി ഒ മാരായ ഇ.എസ് ജീവൻ , രാജീവ് , തോമസ് , ശ്രീജിത്ത് തോമച്ഛൻ , എ .എ ഷിജു . മനോജ് , ജസ്റ്റിൻ വർഗീസ് , സി . ആർ സനൂപ് , സി . കെ. ഷനൂപ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.