കടുത്തുരുത്തി: സ്കൂളുകൾ കേന്ദ്രീകരിച്ചും കടകളിലും ഹാൻസ് ഉൾപ്പെടെയുള്ള നിരോധിത ലഹരി ഉത്പന്നങ്ങൾ വിറ്റിരുന്നയാൾ പോലീസിന്റെ പിടിയിലായി. തലയോലപ്പറന്പ് തലപ്പാറ പട്ടശ്ശേരിൽ ബിജു (40) വാണ് പിടിയിലായത്. ഹാൻസ്, പാൻപരാഗ് എന്നിവയുടെ ഈ മേഖലയിലെ മൊത്തകച്ചവടക്കാരനാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. ഇയാളിൽ നിന്നും 900 പായ്ക്കറ്റ് ലഹരി ഉത്പന്നങ്ങൾ പോലീസ് പിടിച്ചെടുത്തു.
ഇന്നലെ പുലർച്ചെ കടുത്തുരുത്തി ടൗണിൽനിന്നു സിഐ കെ.പി. തോംസണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോതനല്ലൂർ, കുറുപ്പന്തറ, മാഞ്ഞൂർ, പെരുവ, ഞീഴൂർ കടുത്തുരുത്തി മേഖലകളിലെ കടകളിൽ സാധനം എത്തിച്ചിരുന്നത് ഇയാളാണെന്ന് പോലീസ് പറഞ്ഞു. ഹോണ്ടാ ആക്ടിവ സ്കൂട്ടറിൽ വിൽപനയ്ക്കുള്ള ലഹരി ഉത്പന്നങ്ങളുമായി പോകുന്പോളാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇയാൾ നൽകിയ വിവരം അനുസരിച്ചു വാലാച്ചിറ റെയിൽവേ ഗേറ്റിന് സമീപത്ത് പ്രവർത്തിക്കുന്ന കടയിൽനിന്നു ഹാൻസ് പോലീസ് പിടിച്ചെടുത്തു. ഇതുമായി ബന്ധപെട്ട് കടയുടമ സുരനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബിജുവിനെ പിന്നീട് വൈക്കം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.