ചങ്ങനാശേരി: മാരക മയക്കുമരുന്നുമായി യുവാവ് അറസ്റ്റിലായ സംഭവത്തില്‍ കൂടുതല്‍ അന്വേഷണവുമായി എക്സൈസ് അധികൃതര്‍ രംഗത്ത്.
കൂട്ടിക്കല്‍ സ്വദേശി കടവുകരയില്‍ വീട്ടില്‍ താരീഖ് തൗഫീഖ് (26) നെയാണ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാജേഷ് ജോണും സംഘവും ഇന്നലെ അറസ്റ്റ് ചെയ്തത്.
എക്സൈസ് നടത്തിയ ഹൈവേ പട്രോളിംഗിനിടയില്‍ നിര്‍ത്താതെ പാഞ്ഞുപോയ കാര്‍ പിന്തുടര്ന്ന് പരിശോധിച്ചപ്പോഴാണ് കാറിനുള്ളില്‍ നിന്നും 18 ഗ്രാം ഹാഷിഷ് ഓയിലും 13 ഗ്രാം കഞ്ചാവും പിടികൂടിയത്.
ഇയാള്‍ക്ക് മയക്കുമരുന്നു നല്കുന്ന സംഘത്തെക്കുറിച്ചാണ് എക്സൈസ് സംഘം അന്വേഷിക്കുന്നത്.ഇയാള്‍ നല്കിയ മൊഴിയില്‍ നിന്നും ഇതു സംബന്ധിച്ച സൂചന ലഭിച്ചതായി എക്സൈസ് അധികൃതര്‍ പറഞ്ഞു.
സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള കാറില്‍ എറണാകുളത്തുള്ള വീട്ടിലേക്ക് പോകുമ്പോള്‍ സംശയം തോന്നിയ ഹൈവേഎക്സൈസ് പട്രോളിംഗ് സംഘം പിന്തുടര്ന്ന് വാഹനം തടഞ്ഞ് പരിശോധിച്ചാണ് ഇയാളെ പിടികൂടിയത്.
വിവിധ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന ഇയാള്‍ക്ക് വിദേശത്തുനിന്നാണോ മയക്കുമരുന്ന് ലഭിക്കുന്നതെന്നും ഇയാള്‍ കേരളത്തിലെത്തിച്ച് മയക്കുമരുന്നു വിതരണം ചെയ്യുന്നുണ്ടോ എന്നും എക്സൈസ് അന്വേഷിക്കുന്നുണ്ട്.