മരട്: പനങ്ങാട് മാടവനയിൽനിന്നു പട്ടാപ്പകൽ ഹോട്ടലുടമയെ കടയിൽ കയറി മർദിക്കുകയും തട്ടിക്കൊണ്ടുപോകുകയും ചെയ്ത ആറുപേരെ പോലീസ് പിടികൂടി. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ മാടവന ജംഗ്ഷനിൽ സാവർ എന്ന ഹോട്ടൽ നടത്തുന്ന
മരട് സ്
വദേശിയായ സുനിൽകുമാറിനെയാണ് ഇന്നോവ കാറിലെത്തിയ ആറംഗ സംഘം തട്ടിക്കൊണ്ടുപോയത്.സംഭവം നടന്ന് ഒരു മണിക്കൂറിനുള്ളിൽ ആറു പ്രതികളെയും പിടികൂടിയ പോലീസ് സുനിലിനെ മോചിപ്പിച്ചു.രാമങ്കരി അനിൽനിവാസിൽ അജയഘോഷ് (43), ചാലക്കുടി മോറയിൽ ചാൾസ് വർഗീസ് (24), കൊടകര വടക്കേത്തല ടോണി (27), തൃശൂർ പരിയാരം ചേരേക്കര ജെഫിൻ (29), ചാലക്കുടി വാഴപ്പിള്ളി സുധീഷ് (33), ചാലക്കുടി മേലേടത്ത് ജയ്സണ് (40) എന്നിവരെയാണ് പനങ്ങാട് പോലീസ് പിടികൂടിയത്.
സംഭവം കണ്ടുനിന്ന രണ്ട് സ്ത്രീകൾ ഉടൻ ഓട്ടോ വിളിച്ച് പനങ്ങാട് പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പനങ്ങാട് എസ്ഐയും സംഘവും ഉടൻ സംഭവസ്ഥലത്തെത്തി. പോലീസ് കണ്ട്രോൾ റൂമിലേക്കും സന്ദേശം നൽകി.
തുടർന്നു നഗരത്തിൽ നടത്തിയ പരിശോധനയിലാണ് തേവര എസ്എച്ച് കോളജിന് മുന്നിൽനിന്നു പോലീസ് പ്രതികളെ പിടികൂടിയത്. വാഹനം തടഞ്ഞ് ബലപ്രയോഗത്തിലൂടെയാണ് പ്രതികളെ കീഴ്പ്പെടുത്തി സുനിലിനെ മോചിപ്പിച്ചത്.
സുനിലിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പനങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കേസിലെ ഒന്നാം പ്രതിയായ അജയഘോഷിന്റെ ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തിൽ തൃശൂരിലെ നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള പ്രതികളുമായി സ്ഥലത്തെത്തി സുനിലിനെ തട്ടിക്കൊണ്ടുപോയി മർദിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
പിടിയിലായ ചാൾസും സുധീഷും തൃശൂർ വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനിലെ നിരവധി കേസുകളിൽ പ്രതികളാണ്. മറ്റുള്ളവർ കൊടകര പോലീസ് സ്റ്റേഷനിലെ കേസുകളിലും പ്രതികളാണ്. ഇവർ സഞ്ചരിക്കാനുപയോഗിച്ച ഇന്നോവ കാർ പോലീസ് പിടിച്ചെടുത്തു. പനങ്ങാട് എസ്ഐ കെ. ദിലീപ് കുമാറിന്റെ നേതൃത്വത്തിൽ അഡീഷണൽ എസ്ഐമാരായ ജോസഫ് ജോർജ്, രംഗപ്രസാദ്, എഎസ്ഐമാരായ സഞ്ജീവ് കുമാർ, പ്രദീപൻ, സീനിയർ സിപിഒമാരായ ഉദയകുമാർ, രാജേഷ് കെ. നായർ, ലെനിൻ, സിപിഒമാരായ സാഹിഷ്, സന്തോഷ് തുടങ്ങിയവർ ചേർന്നാണ് പ്രതികളെ കീഴടക്കിയത്.
പ്രതികളുടെ ആക്രമണത്തിൽ നിസാര പരിക്കേറ്റ എസ്ഐ ആശുപത്രിയിൽ ചികിത്സ തേടി. മർദനമേറ്റ സുനിൽ കുമാൽ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.