തിരുവനന്തപുരം: എയർപോർട്ട് കാർഗോയിലും മെഡിക്കൽ കോളജ് ആശുപത്രിയിലും ജോലി വാഗ്ദാനം നൽകി നിരവധി പേരെ കബളിപ്പിച്ച കേസിൽ കല്ലറ വെള്ളംകുടി സുധാവിലാസത്തിൽ സുനിൽകുമാർ (40) നെ മെഡിക്കൽ കോളജ് പോലീസ് അറസ്റ്റ് ചെയ്തു.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കായി വരുന്ന രോഗികളെയും ബന്ധുക്കളെയും പരിചയപ്പെട്ട് ഹെൽത്ത് ഇൻസ്പെക്ടറാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ആശുപത്രിയിൽ വന്ന് സഹായങ്ങൾ നൽകി അവരുടെ വിശ്വസ്തത പിടിച്ചു പറ്റിയാണ് കാർഗോയിലും ആശുപത്രിയിലും ജോലി വാങ്ങിക്കൊടുക്കാമെന്ന പറഞ്ഞാണ് ഇയാൾ വൻ തട്ടിപ്പ് നടത്തിയത്. കൂടുതലും സ്ത്രീകളാണ് ഇയാളുടെ വലയിൽ വീഴുന്നത്.
ഇയാൾ പരിചയപ്പെടുന്നവരുടെ തിരിച്ചറിയൽ കാർഡും ഫോട്ടോയും ബയോഡേറ്റയും വാങ്ങി അഡ്വാൻസായി രൂപ കൈപ്പറ്റുകയും ചെയ്തിരുന്നു. ഇത്തരത്തിൽ വാങ്ങിയ സ്ത്രീകളുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് ഇയാൾ മെഡിക്കൽ കോളജ് ഭാഗത്ത് ലോഡ്ജുകളിൽ മുറിയെടുക്കുകയും സ്ത്രീകളെ ലോഡ്ജിൽ വിളിച്ചു വരുത്തുവാനും ശ്രമിച്ചിരുന്നു. അങ്ങനെ ലോഡ്ജിൽ വരാത്ത സ്ത്രീകളുടെ ഭർത്താക്കന്മാരെ ഫോണിൽ ബന്ധപ്പെട്ട് ഭാര്യയുമായി അവിഹിതബന്ധമുണ്ടെന്നു പറഞ്ഞ് അവരുടെ കുടുംബബന്ധം ഇല്ലാതാക്കുകയും ഇയാൾ ശ്രമിച്ചിരുന്നു.
ഇത്തരത്തിൽ ഗൾഫുകാരന്റെ ഭാര്യയെ ലോഡ്ജിൽ വിളിച്ചു വരുത്തുവാൻ ശ്രമിച്ചതിൽ സംശയം തോന്നിയ സ്ത്രീ മെഡിക്കൽ കോളജ് പോലീസിനു പരാതി നൽകുകയായിരുന്നു. പോലീസ് മെഡിക്കൽ കോളജ് ഭാഗത്തെ എല്ലാ ലോഡ്ജുകളിലും നടത്തിയ പരിശോധനയിൽ പുതുപ്പള്ളി ലൈനിനു സമീപമുളള ഒരു ലോഡ്ജിൽ ഈ സ്ത്രീയുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് റൂമെടുത്തിട്ടുള്ളത് മനസ്സിലാക്കിയ പോലീസ് ഇയാളെ റൂമിൽ നിന്നും പിടികൂടുകയായിരുന്നു. ഇയാളുടെ കൈവശത്തു നിന്നും നിരവധി പേരുടെ ഫോട്ടോകളും തിരിച്ചറിയൽ കാർഡുകളും ബയോഡേറ്റകലും പോലീസിനു ലഭിച്ചിട്ടുണ്ട്.
കഴക്കൂട്ടം സൈബർ സിറ്റി എസി പ്രമോദ് കുമാറിന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളജ് സർക്കിൾ ഇൻസ്പെക്ടർ സി. ബിനുകുമാർ, എസ്ഐ ഗിരിലാൽ, ക്രൈം എസ്ഐ ബാബു, എസിപിഒ വിജയബാബു, സിപിഒമാരായ നസീർ, അജി, ഷൈജു, എന്നിവരടങ്ങിയ അന്വേഷണസംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.