കടയ്ക്കല്‍: സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലെത്തി സ്ത്രീകള്‍ മാത്രമുള്ള വ്യാപാര സ്ഥാപനങ്ങള്‍ കണ്ടെത്തി പണം തട്ടുന്ന വിരുതന് കടയ്ക്കല്‍ പോലീസിന്റെ പിടിയില്‍. പത്തനംതിട്ട മല്ലപ്പള്ളി വെസ്റ്റ് ആലുമൂട്ടിൽ വീട്ടിൽ രാജേഷ് ജോർജ് (46) ആണ് പിടിയിലായത്.
കടയുടമകള്‍ ഇല്ലാത്ത സന്ദർഭത്തിൽ ഇത്തരം സ്ഥാപനങ്ങള്‍ കണ്ടെത്തുകയും സ്ത്രീകൾ മാത്രമുള്ള കടകളിൽ എത്തി കടയുടമയുടെ സുഹൃത്താണെന്നും മറ്റും പറഞ്ഞു മൊബൈൽ ഫോണിൽ ഉടമയുമായി സംസാരിക്കുകയാണെന്ന് അഭിനയിച്ചു ജീവനക്കാരെ വിദഗ്ദമായി കബളിപ്പിച്ചു പണവുമായി മുങ്ങുകയായിരുന്നു പ്രതിയുടെ തട്ടിപ്പ് രീതി.
കെഎൽ 33 ജി 3425 ഹോണ്ട ബൈക്കില്‍ കറങ്ങി നടന്നാണ് ഇയാളുടെ തട്ടിപ്പ്. ഇയാള്‍ക്കെതിരെ കൊല്ലം ജില്ലയില്‍ മാത്രം നിരവധി പോലീസ് സ്റ്റേഷനുകളില്‍ പരാതിയുണ്ട്. പൂയപ്പള്ളി, കടയ്ക്കല്‍, അഞ്ചല്‍, ഏരൂര്‍, കുളത്തുപ്പുഴ തുടങ്ങിയിടങ്ങളില്‍ ഇയാളുടെ കബളിപ്പിക്കലിനു നിരവധിയാളുകള്‍ ഇരയായിട്ടുണ്ട്.
പലരും ഇനിയും പരാതി നല്‍കിയിട്ടില്ല. അതേസമയം തന്നെ ഇയാള്‍ പിടിയിലായത് അറിഞ്ഞു കൂടുതല്‍ പോലീസ് സ്റ്റേഷനുകളില്‍ നിന്നും അന്വേഷണം എത്തിയിട്ടുണ്ട്. കൊല്ലം ജില്ലക്ക് പുറമേ ഇയാള്‍ക്കെതിരെ കൂടുതല്‍ പരാതികള്‍ ലഭിക്കുമെന്ന സൂചനയും പോലീസിനുണ്ട്.
കബളിപ്പിച്ചു പണം തട്ടുന്നതിന് പുറമേ സിനിമയിൽ അഭിനയിപ്പിക്കാമെന്നു വാഗ്ദാനം നടത്തി പീഡിപ്പിക്കാൻ ശ്രമിച്ച കുറ്റത്തിന് ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിലും വ്യാപാരസ്ഥാപനങ്ങളിൽ മോഷണത്തിനും തട്ടിപ്പിനും തോപ്പുംപടി സ്റ്റേഷനിലും പ്രതിക്കെതിരെ കേസുകൾ നിലവിലുണ്ട്.
കടയ്ക്കൽ പോലീസ് ഇൻസ്പെക്ടർ രാജേഷ്, എസ്ഐ സജു, എഎസ്ഐ പ്രശാന്ത്, സിപിഒ അനിൽ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.