കോട്ടയം: ആർസിസിയിൽ ചികിത്സയിലുള്ള കൊല്ലം സ്വദേശിനിയായ ഒരു വയസുകാരിയുടെ ചികിത്സാ ധനസമാഹരണമെന്ന പേരിൽ പണപ്പിരിവ് നടത്തി ധൂർത്തും ആർഭാട ജീവിതവും നയിച്ചുവന്ന പിടികിട്ടാപ്പുള്ളിയടക്കം മൂന്നംഗ തട്ടിപ്പു സംഘം പിടിയിൽ.
മലപ്പുറം ചെമ്മൻകടവ് കണ്ണത്തുംപാറ സഫീർ (38), കോട്ടയം ഒളശ റാംമതേയിൽ ലെനിൽ (28), ചെങ്ങളം കടയ്ക്കൽ ജോമോൻ (28) എന്നിവരെയാണ് കഴിഞ്ഞ ദിവസം പാലാ പോലീസ് അറസ്റ്റ് ചെയ്ത്ത്.
രക്താർബുദ ബാധിതയായി തിരുവനന്തപുരം ആർസിസിയിൽ ചികിത്സയിൽ കഴിയുന്ന കൊല്ലം പന്മന സ്വദേശിനിയായ ഒരു വയസുകാരിയുടെ പേരിൽ ടൗണ് ബസ് സ്റ്റാൻഡ് ഭാഗത്ത് പണപ്പിരിവ് നടത്തുന്നതിനിടെയാണ് ഇവർ പിടിയിലായത്.
മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി നാട്ടുകാരിൽനിന്നു പണം പിരിച്ച് ആർഭാട ജീവിതം നയിച്ചുവരികയായിരുന്നു സംഘം.
വ്യാപാര സ്ഥാപനങ്ങളിലും യാത്രക്കാരോടും കുട്ടിയുടെ ചികിത്സാ സഹായത്തിനായി ചിത്രവും ഫോണ്നന്പരും ചേർത്ത ഫ്ളക്സ് പ്രദർശിപ്പിച്ചായിരുന്നു പണപ്പിരിവ്.
ഇതിനിടെ ഫ്ളക്സിൽ ചേർത്തിരിക്കുന്ന ഫോണ് നന്പറിൽ വിളിച്ചപ്പോൾ കുട്ടിയുടെ അച്ഛൻ ചവറ സ്വദേശി ചന്ദ്രപ്രസാദ് ഫോണ് എടുത്തു.
മകളുടെ ചികിത്സയ്ക്കായി പണം പിരിക്കുന്നതിന് ആരെയും നിയോഗിച്ചിട്ടില്ലെന്ന് ഇദ്ദേഹം അറിയിച്ചു. ഇതോടെയാണ് തട്ടിപ്പ് പുറത്തായത്.
പാലാ എസ്എച്ച്ഒ കെ.പി. തോംസണിന്റെ നിർദേശത്തെ തുടർന്ന് എസ്ഐ ടി. ഷാജി സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് പണപ്പിരിവിനു പിന്നിലെ തട്ടിപ്പിന്റെ വിവരങ്ങൾ അറിവായത്.
പിടിയിലായ സഫീർ മലപ്പുറം കോടതിയിലെ കേസിലും പാലക്കാട് ചിറ്റൂരിൽ കഞ്ചാവ് കേസിലും മഞ്ചേരി സെഷൻസ് കോടതിൽ അബ്കാരി കേസിലും പ്രതിയാണ്.
ജാമ്യത്തിൽ ഇറങ്ങി മുങ്ങി നടന്ന ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖാപിച്ച് കൊടതി വാറണ്ട് നിലവിലുണ്ട്.എഎസ്ഐ ബിജു കെ തോമസ്, സിപിഒമാരായ സി രഞ്ജിത്, ജോഷി മാത്യു, ശ്രീജേഷ് കുമാർ എന്നിവരും തട്ടിപ്പ് സംഘത്തെ പിടികൂടിയ സംഘത്തിലുണ്ടായി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.