തേഞ്ഞിപ്പലം: ഫ്രാൻസിലെ പട്ടാളത്തിൽ ജോലി വാഗ്ദാനം ചെയ്ത് 22 ൽപ്പരം ഉദ്യോഗാർഥികളിൽ നിന്ന് മൂന്നു മുതൽ മൂന്നര ലക്ഷം വീതം തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ രണ്ടാം പ്രതിയെ ഇന്നു പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കും. കൊല്ലം ഇരവിപുരം സ്വദേശി മനോജ് ലോറൻസ് ആണ് അറസ്റ്റിലായത്. കേസിലെ ഒന്നാം പ്രതി പറവൂർ സ്വദേശി ജീനസ് പ്രസാദും കുടുംബവും റഷ്യയിലാണ്.
ഫ്രാൻസിലെ സേനയിൽ ഉയർന്ന ശന്പളത്തിന് ജോലി വാഗ്ദാനം ചെയ്ത് പണം നൽകി വഞ്ചിക്കപ്പെട്ട തേഞ്ഞിപ്പലം മേലേകൂത്താട്ട് വീട്ടിൽ വിനീഷ് നൽകിയ പരാതിയിലാണ് രണ്ടാം പ്രതിയെ എറണാകുളത്ത് നിന്ന് പിടികൂടി തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തത്. 22ൽപ്പരം ഉദ്യോഗാർഥികൾക്ക് ഫ്രാൻസിൽ ജോലി വാഗ്ദാനം ചെയ്തെങ്കിലും കൊണ്ടുപോയത് റഷ്യയിലേക്കായിരുന്നു.
അവിടെ ജോലിയും ശബളവും ഭക്ഷണവും താമസസൗകര്യവുമില്ലാതെ കുടുങ്ങിയ 22ൽപ്പരം മലയാളി ഉദ്യോഗാർഥികളെ ഇന്ത്യൻ എംബസി ഇടപെട്ടാണ് തിരികെ നാട്ടിലെത്തിച്ചത്. ഈ കേസിലാണ് ഇപ്പോൾ അറസ്റ്റുണ്ടായിരിക്കുന്നത്.
വഞ്ചിക്കപ്പെട്ടത് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരാണ്.
അതിനാൽ കോഴിക്കോട് ഫാറൂഖ്, കൊല്ലം ഇരവിപുരം, തിരുവനന്തപുരം ഐയിരൂർ എന്നിവിടങ്ങളിലും ഉദ്യോഗാർഥികളിൽ പലരും പരാതി നൽകിയിട്ടുണ്ട്. തേഞ്ഞിപ്പലം അഡീഷണൽ എസ്ഐ അലിക്കുട്ടി, വി.യു അബ്ദുൽഅസീസ് എന്നിവരുടെ നേത്യത്വത്തിലാണ് രണ്ടാം പ്രതിയെ പിടികൂടി അറസ്റ്റ് ചെയ്തത്.