അതിരപ്പിള്ളി: കാനഡയിലേക്കു കൊണ്ടുപോകാമെന്നു വാഗ്ദാനം ചെയ്ത് കബളിപ്പിച്ച് ഏഴര ലക്ഷം രൂപ തട്ടിയവരും, അവരെ കുരുക്കാൻ പദ്ധതി ഒരുക്കിയ വരെയും അതിരപ്പിള്ളി എസ്ഐ എസ്.സജീവനും സംഘവും പിടികൂടി. അറസ്റ്റിലായ അഞ്ചുപേരെ പിന്നീട് കോടതിയിൽ ഹാജരാക്കി.
കാനഡയിലേക്കു കൊണ്ടുപോകാമെന്നു വാഗ്ദാനം ചെയ്ത് പറ്റിച്ച കേസിൽ കൊല്ലം കുളത്തൂപ്പുഴ ഏലാവുപുറം സ്വദേശികളായ മണികണ്ഠൻ (33), സഹോദരൻ അനീഷ് (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.പ്രതികൾ എറണാകുളം സ്വദേശിയായ യുവതി വഴി കുറ്റിച്ചിറ മാരാംകോട് പടിഞ്ഞാക്കര ബിനീഷി(25)ന്റെ പക്കൽനിന്ന് 7.5 ലക്ഷം രൂപ കാനഡയിലേക്കു കൊണ്ടു പോകാമെന്നു പറഞ്ഞ് വാങ്ങി.
എന്നാൽ ഇയാളെ ഇന്തോനേഷ്യയിൽ എത്തിച്ച് ഒരു മാസം താമസിപ്പിച്ചശേഷം കാനഡയിലേക്കു കൊണ്ടുപോകാതെ തിരികെ കേരളത്തിലെത്തിക്കുകയായിരുന്നു. രൂപ തിരികെ നല്കാൻ ആവശ്യപ്പെട്ടിട്ടും നല്കിയില്ല. ഇതേത്തുടർന്ന് ബിനീഷ് രൂപ നല്കിയ എറണാകുളം വെങ്ങോല പാറയിൽ രഞ്ജിത്തിന്റെ ഭാര്യ ഗൗരി എന്ന സവിത (32) വഴി പ്രതികളെ തൃപ്രയാർ ബസ് സ്റ്റാൻഡിലേക്കു വിളിച്ചുവരുത്തി.
വേറെ ആളുകൾ രൂപ തരാൻ തയാറായിട്ടുണ്ടെന്നു പറഞ്ഞ് അവരുമായി സംസാരിക്കാനെന്ന വ്യാജേന അതിരപ്പിള്ളിയിലെ റിസോർട്ടിൽ എത്തിക്കുകയായിരുന്നു. തുടർന്ന് ഇവരെ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തു.മണികണ്ഠന്റെ പരാതിയിൽ ബിനീഷ്, ഗൗരി, മാരാംകോട് ഇടിയോത്ത് ഷിബിൻ (25) എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ കേടതിയിൽ ഹാജരാക്കി.