ആലപ്പുഴ: മോഷണത്തിനിടെ വീട്ടുകാരുടെ ബുദ്ധിപൂർവമായ ഇടപെടലിനെത്തുടർന്ന് പോലീസ് പിടികൂടിയ തമിഴ്നാട് സ്വദേശിയായ മോഷ്ടാവ് റിമാൻഡിൽ. ലോറി ഡ്രൈവറും വിരുതുനഗർ സ്വദേശിയുമായ ശങ്കറിനെയാണ് മാവേലിക്കര മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തത്. ഇയാളെ ഞായറാഴ്ച പുലർച്ചെ കലവൂർ കയർബോർഡിന് സമീപത്തെ വീട്ടിൽ മോഷണം നടത്തുന്നതിനിടെ മണ്ണഞ്ചേരി എസ്ഐ രാജൻ ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ പിടിയിലാവുകയായിരുന്നു.
ആലപ്പുഴയിലെ വിവിധ ഹോൾസെയിൽ കടകളിൽ തമിഴ്നാട്ടിൽ നിന്നും ധാന്യങ്ങൾ എത്തിച്ചുനൽകുന്ന ലോറിയുടെ ഡ്രൈവറാണ് പിടിയിലായ ശങ്കർ. കടകളിൽ സാധനമെത്തിച്ച് മടങ്ങുന്നതുവഴി പ്രധാന കേന്ദ്രങ്ങളിൽ വാഹനം പാർക്ക് ചെയ്തതിനുശേഷം സമീപ വീടുകളിൽ മോഷണം നടത്തുകയായിരുന്നു ഇയാളുടെ പതിവ്. ഇത്തരത്തിലാണ് കയർബോർഡിന് കിഴക്കുവശത്തെ പുത്തൻപറന്പിൽ രവീന്ദ്രന്റെ വീട്ടിൽ ഇയാൾ മോഷണം നടത്താനെത്തിയത്.
മോഷ്ടാവിനെ കണ്ട് കുരച്ച വളർത്തുനായയുടെ മുഖം ചാക്കുപയോഗിച്ച് മൂടികെട്ടുകയും വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം ഫ്യൂസ് ഉൗരി വിച്ഛേദിക്കുകയും ചെയ്ത ശേഷം അടുക്കള ഭാഗത്തുനിന്നും കിട്ടിയ കന്പി ഉപയോഗിച്ച് പിൻവാതിൽ പൊളിച്ച് ഇയാൾ അകത്തുകടക്കുകയായിരുന്നു. ശബ്ദം കേട്ട് മോഷ്ടാവ് അകത്തുകയറിയ വിവരം മനസിലാക്കിയ രവീന്ദ്രനും ഭാര്യ ഇന്ദിരയും മറ്റൊരു മുറിയിൽ കയറി വാതിൽ അകത്തുനിന്നടച്ചശേഷം വിവരം മണ്ണ്ഞ്ചേരി എസ്ഐ രാജൻ ബാബുവിനെ അറിയിക്കുകയായിരുന്നു. വീട്ടിലേക്ക് എത്തിച്ചേരാനുള്ള വഴിയും മോഷ്ടാവ് വീട്ടിൽ കയറിയ വഴിയുമടക്കം വീട്ടമ്മ വിവരിച്ചു നൽകി. മോഷ്ടാവ് വീടിനുള്ളിൽ സാധനങ്ങൾ പരതുന്പോൾ ഈ വിവരം ലൈവായി പോലീസിന് വിവരിച്ചു വീട്ടുകാർ നൽകുകയായിരുന്നു.
തുടർന്ന് വീട്ടിലെത്തിയ പോലീസ് വീട് വളഞ്ഞതിനുശേഷം എസ്ഐയും എഎസ്ഐ സുബാഷും സിവിൽ പോലീസ് ഓഫീസർമാരായ സത്താർ, ജോജോ, ഉല്ലാസ്, എന്നിവർ വീടിനകത്തേക്ക കയറി മോഷ്ണത്തിനിടയിൽ അപ്രതീക്ഷിതമായി പോലീസിനെ കണ്ട ശങ്കർ ഒരുനിമിഷം ഞെട്ടിയെങ്കിലും പോലീസ് സംഘത്തെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. അകത്തുനിന്നും പുറത്തേക്ക് ചാടാനൊരുങ്ങിയ ഇയാളെ പുറത്തുകാവൽ നിന്ന് പോലീസുകാർ കൂടിയെത്തി പിടികൂടുകയായിരുന്നു. മോഷ്ടാവിനെ പിടികൂടിയതിനുശേഷമാണ് വീട്ടുകാർ മുറിയിൽ നിന്ന് പുറത്തിറങ്ങിയത്.
ഇയാളെ സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യംചെയ്തപ്പോഴാണ് ലോറി ഡ്രൈവറാണെന്നും വാഹനം കലവൂരിൽ പാർക്ക് ചെയ്തിട്ടുണ്ടെന്നുമറിഞ്ഞത്. തുടർന്ന ്പോലീസ് വാഹനവും ക്ലീനറെയും കസ്റ്റഡിയിലെടുത്തു. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ നടന്ന മോഷണങ്ങളിൽ ഇയാൾക്ക് ബന്ധമുണ്ടോയെന്നറിയാനുള്ള അന്വേഷണം പോലീസ് തുടങ്ങിയിട്ടുണ്ട്. ഇത്തരത്തിലെന്തെങ്കിലും വിവരം ലഭിച്ചാൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്താനുള്ള ഒരുക്കത്തിലാണ് മണ്ണഞ്ചേരി പോലീസ്.