കണ്ണൂർ: ബസ് യാത്രക്കാരന്റെ ബാഗ് കീറി പണം കവർന്ന കുപ്രസിദ്ധ പോക്കറ്റിക്കാരൻ അറസ്റ്റിൽ. പെരുന്പടവ് സ്വദേശിയും ഇപ്പോൾ എറണാകുളം പള്ളുരുത്തിയിൽ താമസക്കാരനുമായ ജോയ് എന്ന നിസാറിനെയാണ് എസിപി ടികെ. രത്നകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ചക്കരക്കൽ സിഐ എം.പി. ആസാദിന്റെ നേതൃത്വത്തിലുള്ള സംഘം പള്ളുരുത്തിയിൽ വച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ് ജനുവരി 24ന് കണ്ണൂരിൽ സ്വകാര്യ ബസിൽ വച്ച് പി.പി. പ്രദീപൻ എന്നയാളുടെ ബാഗ് കീറി 61,290 രൂപ കവർന്ന കേസിലാണ് പ്രതി അറസ്റ്റിലായത്.
കണ്ണൂർ ജില്ലാ പ്രൈവറ്റ് ബസ് കോ-ഓപറേറ്റീവ് സൊസൈറ്റി കളക്ഷൻ ഏജന്റായ പ്രദീപൻ ബാങ്കിലടയ്ക്കാൻ കൊണ്ടു പോകുകയായിരുന്നു പണമായിരുന്നു കവർന്നത്. കവർച്ചയുമായി ബന്ധപ്പെട്ട് ചക്കരക്കൽ പോലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
പ്രതിക്കായി അന്വേഷണം നടത്തി വരുന്നതിനിടെ പള്ളുരുത്തിയിലെ ഒരു കേന്ദ്രത്തിലുണ്ടെന്ന വിവരം ലഭിക്കുകയായിരുന്നു.ഇതേത്തുടർന്ന് പ്രത്യേക അന്വേഷണ സംഘം അതീവരഹസ്യമായി നടത്തിയ നീക്കത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സമാനമായ നിരവധി കേസുകൾ പ്രതിയുടെ പേരിലുണ്ടെന്ന് പോലീസ് പറഞ്ഞു.
പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.എസ്ഐ മാരായ എം. അജയൻ, പി.കെ. ഷാജി, എഎസ്ഐമാരായ സ്നേഹേഷ്, അബ്ദുൾ നാസർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.