കൊച്ചി: നോര്‍ത്ത് പാലത്തിനു സമീപം വീടിന്റെ വാതില്‍ കുത്തിപ്പൊളിച്ചു മോഷണം നടത്താന്‍ ശ്രമിച്ച ചിറ്റൂര്‍ സ്വദേശി ബിജു (24) റിമാന്‍ഡില്‍. നോര്‍ത്തു പാലത്തിനു സമീപമുള്ള വീട്ടില്‍ കയറാനുള്ള ശ്രമം പാളിയതിനെത്തുടര്ന്നു പാലത്തിനു താഴെ ഒളിച്ചിരിക്കുമ്പോഴാണ് ബിജുവിനെ നോര്‍ത്ത് എസ്ഐ വിബിന്‍ദാസിന്റെ നേതൃത്വത്തിലുള്ള സംഘം കുരുക്കിയത്. വാതില്‍ തകര്‍ക്കാന്‍ കൊണ്ടുവന്ന കമ്പിപ്പാരയും ഇയാളുടെ കൈയില്‍നിന്നു പോലീസ് കണ്ടെടുത്തിട്ടുണ്ട്.
പത്താം വയസില്‍ ആദ്യത്തെ മോഷണം നടത്തിയ ബിജുവിനു പറയാന്‍ കഥകളേറെയാണ്. കുട്ടിക്കാലത്തു മോഷണ സംഘത്തോടൊപ്പമായ ബിജുവിനെ ഉപയോഗിച്ചായിരുന്നു സംഘം കവര്‍ച്ച ആസൂത്രണം ചെയ്തിരുന്നത്. കുട്ടി ബിജുവിനെ ജനല്‍ കമ്പികള്‍ വളച്ചു അതിലൂടെ കടത്തിവിട്ടു വാതില്‍ തുറപ്പിക്കുകയായിരുന്നു രീതി. വളര്‍ന്നതോടെ സ്വന്തം രീതിയില്‍ ബിജു കവര്‍ച്ചകള്‍ ആരംഭിച്ചു.
പിന്നീട് എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ രാത്രിയില്‍ ബസില്‍ വന്നു ഒറ്റയ്ക്കു നടന്നു പോകുന്നവര്‍ക്കു പേടി സ്വപ്നമാകുകയായിരുന്നു ബിജു. കവര്‍ച്ചയ്ക്കു പുറമെ ആയുധമുപയോഗിച്ചു ആക്രമിക്കാനും ബിജു ശ്രമിച്ചിരുന്നുവെന്ന് ഇയാളുടെ മോഷണ രീതികള്‍ വ്യക്തമാക്കുന്നു.എറണാകുളത്തു വിവിധയിടങ്ങളിലായി മാറി മാറി താമസിക്കുന്ന ബിജു ഇപ്പോള്‍ ചിറ്റൂരിലാണ് താമസം. ബിജുവിനന്റെ സഹായി കൊട്ടാരക്കര സ്വദേശി സന്തോഷ് കുമാറിനെയും പോസീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ട്രാന്‍സ്ജെന്‍ഡറായ കൂട്ടാളിയെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഇപ്പോള്‍ പോലീസ്. മട്ടാഞ്ചേരിയില്‍ നടന്ന കത്തിക്കുത്ത് കേസില്‍ മൂന്നു വര്‍ഷം ജയിലിലായിരുന്ന ബിജു പുറത്തിറങ്ങിയതു കഴിഞ്ഞ മാസമാണ്. കുപ്രസിദ്ധ മോഷ്ടാവ് മരിയാര്‍പൂതം ജോണ്‍സണെ നോര്‍ത്ത് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. കേരളത്തിലും തമിഴ്നാട്ടിലുമായി നൂറോളം കേസുകളില്‍ പ്രതിയാണ് ജോണ്സണ്.