പത്തനാപുരം: കേരളത്തിലും തമിഴ്നാട്ടിലുമടക്കം നിരവധി കേസുകളില്‍ പ്രതിയായ അന്തർസംസ്ഥാന മോഷ്ടാവിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങി.സേലം സ്വദേശി രാജശേഖരാനാണ്(38) പത്തനാപുരം പോലീസിന്റെ കസ്റ്റഡിയിലുള്ളത്.
കൊല്ലം റൂറൽ, തൃശൂർ, തമിഴ്നാട് എന്നിവിടങ്ങളിലെ പോലീസ് ഉദ്യോഗസ്ഥരുടെ സംയുക്ത പരിശ്രമത്തിന്റെ ഫലമായാണ് മോഷ്ടാവിനെ കുടുക്കിയത് .
നിലവിൽ തമിഴ്നാട്ടിൽ ആറോളം മോഷണ കേസുകളിലും ഒരു കൊലപാതക കേസിലും പ്രതിയാണ് രാജശേഖരൻ. കൊലക്കേസിൽ പ്രതിയായ ശേഷം ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. ഈ സമയത്താണ് തൃശ്ശൂർ മണ്ണുത്തിയിലെ ഒരു വീട്ടിൽ നിന്നും 32 പവൻ സ്വർണവും എഴുപതിനായിരം രൂപയും സിസിടിവി ഹാർഡ് ഡിസ്കും മോഷ്ടിച്ചത്.
പ്രതികള്‍ സഞ്ചരിച്ചിരുന്ന കാർ (കർണാടക രജിസ്ട്രേഷൻ) പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. അതിനുശേഷം പത്തനാപുരത്തെ ഒരു വീട്ടിൽ മോഷണം നടത്തുകയും തുടർന്ന് തമിഴ്നാട്ടിലേക്ക് രക്ഷപ്പെടുകയുമായിരുന്നു. കൊല്ലം റൂറൽ പോലീസ് മേധാവി എസ്. ഹരിശങ്കറും തൃശൂർ പോലീസും നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തമിഴ്നാട് പോലീസാണ് പ്രതിയെ പിടികൂടിയത്.
കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത പ്രതിയെ പിന്നീട് പത്തനാപുരം പോലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. ഇയാളുടെ മോഷണ പരമ്പരയെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണന്ന് പത്തനാപുരം പോലീസ് പറഞ്ഞു.