മൂവാറ്റുപുഴ: യുവാവിനെ ആക്രമിച്ച് അവശനാക്കി വഴിയിൽ തള്ളിയ കേസിൽ പോലീസ് പിടികൂടിയ നാലംഗ സംഘത്തെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പെരുമറ്റം ചേനക്കര കുന്നേൽ നിബു (31), മൂവാറ്റുപുഴ മാർക്കറ്റ് കുട്ടത്തികുടിയിൽ ഷിനാജ് (36), പെരുമറ്റം കല്ലുമൂട്ടിൽ മാഹിൻ (30), പേഴക്കാപ്പിള്ളി കൂരികാവ് നിലക്കനായിൽ വിഷ്ണു (24) എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്.
കഴിഞ്ഞ ദിവസം മൂവാറ്റുപുഴ ചാലിക്കടവ് പാലത്തിന് സമീപമായിരുന്നു സംഘം യുവാവിനെ അക്രമിച്ചത്. നിർമാതാവിനെ പരിചയപ്പെടുത്താം എന്ന വ്യാജേന യുവാവിനെ വിളിച്ചുവരുത്തിയായിരുന്നു മർദനം. ചെറുചിത്രത്തിന്റെ തിരക്കഥ എഴുതിയ പായിപ്ര പുന്നോപ്പടി കിഴക്കേക്കൂടി ഹരീഷിനാണ് മർദനമേറ്റത്.
വസ്ത്രങ്ങൾ അഴിച്ചുമാറ്റിയതിനുശേഷം ഹരീഷിനെ മർദിക്കുകയായിരുന്നു. തുടർന്ന് നാലംഗസംഘം ഹരീഷിന്റെ പക്കൽനിന്നും തിരക്കഥയും മൊബൈൽ ഫോണും മോഷ്ടിച്ചു.
തുടർന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഗൂഗിൾപേവഴി പണവും കൈക്കലാക്കി സംഘം മുങ്ങുകയായിരുന്നു. അവശനായി വഴിയരുകിൽ കിടന്ന യുവാവിനെ ഇതുവഴി വന്ന നാട്ടുകാർ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
സംഭവത്തിലെ ഒന്നാം പ്രതി നിബു നിലന്പൂർ, ധർമ്മടം, തൃശൂർ എന്നിവിടങ്ങളിൽ മോഷണം, പിടിച്ചുപറി കേസുകളിൽ പ്രതിയാണ്. രണ്ടാം പ്രതിയായ വിഷ്ണു കുറുപ്പംപടി, പുത്തൻകുരിശ് എന്നിവിടങ്ങളിൽ കഞ്ചാവ്, പിടിച്ചുപറി, പോക്സോ കേസുകളിൽ പ്രതിയാണ്. ഷിനാജും മാഹിനും മൂവാറ്റുപുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി കേസുകളിൽ പ്രതികളാണെന്നും പോലീസ് പറഞ്ഞു.