പാലക്കാട്: കുപ്രസിദ്ധ മോഷ്ടാവ് കുടക് രമേഷ് എന്ന ഉടുന്പ് രമേശ് (30) പിടിയിലായത് വൻ കവർച്ചാ പദ്ധതിക്കിടെ. പ്രതികളെ സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തതിൽനിന്നും കഴിഞ്ഞമാസം കേരളത്തിലെ വിവിധ ജില്ലകളിലും കർണാടകയിലും നടന്ന 12 ഓളം ഭവനഭേദന കേസുകൾക്കു തുന്പായി.
ആലപ്പുഴ ചേർത്തല, തുറവൂർ വിഷ്ണു ശ്രീകുമാർ(28), മണ്ണാർക്കാട് തെങ്കര സ്വദേശി രാഹുൽ(22)ഒറ്റപ്പാലം, ദേശമംഗലം സ്വദേശി തൻസീർ എന്ന ഷൻഫീർ(34), പാലക്കാട് മൂത്താൻതറ സ്വദേശി സുരേഷ് എന്ന നായ സുര(27), വടക്കന്തറ ശെൽവിനഗർ സ്വദേശി കൃഷ്ണപ്രസാദ് എന്ന വാഴയ്ക്ക പ്രസാദ് (22)എന്നിവരെയാണ് ഇയാൾക്കൊപ്പം പിടിയിലായത്.
പ്രത്യേക രാത്രികാല പട്രോളിംഗിനിടെ പാലക്കാട് ടൗണ് നോർത്ത് എസ്ഐ ആർ. രഞ്ജിത്തും ക്രൈം സ്ക്വാഡും ഒലവക്കോട് പഴയ കോഴിക്കോട് ഹൈവേയിൽ വച്ചാണ് ഇവരെ പിടികൂടിയത്.
പാലക്കാട് അബൂബക്കർ റോഡിൽ വേണുഗോപാലന്റെ വീട് 2017 ഡിസംബറിൽ കുത്തിത്തുറന്ന് സ്വർണം, ലാപ്ടോപ്, ടാബ് എന്നിവ മോഷ്ടിച്ചതും കഴിഞ്ഞ മാസം 12 ന് തൃശൂർ കിള്ളന്നൂർ രവീന്ദ്രന്റെ വീട് കുത്തിത്തുറന്ന് സ്വർണവും ആൾട്ടോ കാറും മോഷ്ടിച്ചതും ഈ സംഘമാണ്. കഴിഞ്ഞമാസം 15 ന് മുണ്ടൂർ എംഇഎസ്, ഐടിസി കുത്തിത്തുറന്ന് പണവും മൊബൈൽ ഫോണും മോഷ്ടിച്ചതും കഴിഞ്ഞമാസം 18 ന് പാലക്കാട് ചന്ദ്രനഗർ സഹ്യാദ്രി കോളനിയിൽ ചന്ദ്രശേഖരന്റെ വീട് കുത്തിത്തുറന്ന് സ്വർണം, പണം, ലാപ്ടോപ് എന്നിവ മോഷ്ടിച്ചതും ഇവരാണ്.
കഴിഞ്ഞമാസം 22 ന് കോട്ടയം ഏറ്റുമാനൂർ എസ് എഫ് എസ് സ്കൂൾ ഭാഗം നീലഗിരിയിൽ മറിയാമ്മയുടെ വീട് പകൽസമയം കുത്തിത്തുറന്ന് 22 പവൻ സ്വർണം, ഒരു ലക്ഷം രൂപ, ലാപ്ടോപ്, മൊബൈൽ ഫോണ് എന്നിവ മോഷ്ടിച്ചതും, അന്നുതന്നെ രാത്രി ഒറ്റപ്പാലം, പാലപ്പുറം, പള്ളിപ്പറന്പ് ബാപ്പുട്ടിയുടെ വീട് കുത്തിത്തുറന്ന് ലാപ്ടോപ്, ടാബുകൾ, ദിർഹം, സ്വർണം, മൊബൈൽ ഫോണ് എന്നിവ മോഷ്ടിച്ചതും, കഴിഞ്ഞ മാസം 23 ന് തൃശൂർ ചിയ്യാരം നെല്ലിക്കുന്ന് മറിയാമ്മയുടെ വീട് രാത്രി കുത്തിത്തുറന്ന് നാലുപവൻ സ്വർണവും ഒന്നേകാൽ ലക്ഷം രൂപയും മോഷ്ടിച്ചതും, കഴിഞ്ഞ മാസം 24 ന് കർണാടക മടിക്കേരി മടേനാട് ശേശപ്പയുടെ വീട് കുത്തിത്തുറന്ന് സ്വർണം, വെള്ളി, പണം എന്നിവ മോഷ്ടിച്ചതും, കഴിഞ്ഞ മാസം 25 ന് മൈസൂർ വിവി പുരം പോലീസ് സ്റ്റേഷൻ പരിധിയിൽ കണ്ടൂർ മെയിൻ റോഡിൽ ഫിലിപ് തോമസിന്റെ വീട് പട്ടാപ്പകൽ കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ , ലാപ്ടോപ് എന്നിവ മോഷ്ടിച്ചതും പ്രതികൾ സമ്മതിച്ചു. അതിനുശേഷം വൻ കവർച്ച നടത്താനുള്ള പദ്ധതിയുമായിട്ടാണ് പ്രതികൾ പാലക്കാട്ട് എത്തിയത്.
ടൗണ് നോർത്ത് പോലീസിന്റെ അവസരോചിതമായ ഇടപെടലാണ് വൻ കവർച്ചാസംഘത്തെ വലയിലാക്കിയത്. അതിലൂടെ സംഘത്തിന്റെ പദ്ധതികൾ പൊളിക്കാനും സാധിച്ചു. പ്രതികളുടെ ബാഗുകൾ പരിശോധിച്ചതിൽനിന്നും മോഷണമുതലുകളും, വാതിൽ പൊളിക്കുന്നതിനുള്ള ആയുധങ്ങളും പോലീസ് കണ്ടെത്തി. പാലക്കാട് സബ് ജയിലിൽ വച്ചാണ് സംഘാംഗങ്ങൾ പരിചിതതരായത്.
വിവിധ കേസുകളിൽ ഉൾപ്പെട്ടാണ് ആറുപേരും ജയിലിലെത്തിയത്.
ഒന്നാം പ്രതി രമേശ് കളവുകേസിലും, രാഹുൽ അബ്കാരി കേസിലും, ഷൻഫീർ കഞ്ചാവു കേസിലും, വിഷ്ണു ബലാൽസംഗ കേസിലും, നായ സുരയും കൃഷ്ണപ്രസാദും കൊലപാതക ശ്രമക്കസിലും പെട്ടാണ് ജയിലിലെത്തിയത്. ജയിലിൽവച്ച് ഒത്തുചേർന്ന സംഘം ജാമ്യത്തിലിറങ്ങിയ ശേഷം കവർച്ച നടത്തിവരികയായിരുന്നു.
രമേശിനനെതിരേ നേരത്തെ തമിഴ്നാട്ടിലെ മേട്ടുപ്പാളയം, കോയന്പത്തൂർ, തിരുപ്പൂർ, ഈറോഡ്, ഗോപിച്ചെട്ടിപ്പാളയം എന്നിവിടങ്ങളിലെ പോലീസ് സ്റ്റേഷനുകളിലും കേരളത്തിൽ കോട്ടയം ജില്ലയിലെ കടുത്തുരുത്തി, ഏറ്റുമാനൂർ, തൃശൂരിലെ നെടുപുഴ, പാലക്കാട് മലന്പുഴ, ആലത്തൂർ, മങ്കര, കോട്ടായി, ഹേമാംബിക നഗർ, പട്ടാന്പി എന്നീ പോലീസ് സ്റ്റേഷനുകളിലുമായി 50 ഓളം ഭവനഭേദന കേസുകൾ നിലവിലുണ്ട്. കോയന്പത്തൂർ, കോട്ടയം, പാലക്കാട്, വിയ്യൂർ , കണ്ണൂർ, ഒറ്റപ്പാലം എന്നീ ജയിലുകളിൽ തടവുശിക്ഷ അനുഭവിച്ചിട്ടുമുണ്ട്.
തൻസീർ എന്ന ഷൻഫീറിനെതിരേ കുറ്റിപ്പുറം, വടക്കാഞ്ചേരി, പട്ടാന്പി എന്നീ പോലീസ് സ്റ്റേഷനുകളിൽ മോഷണക്കേസുകളും, ഒറ്റപ്പാലം പോലീസ് സ്റ്റേഷനിൽ കഞ്ചാവ് കേസും ഉണ്ട്. ഒറ്റപ്പാലം, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിൽ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.
രാഹുലിനെതിരേ നേരത്തെ അഗളി, മണ്ണാർക്കാട് പോലീസ് സ്റ്റേഷനുകളിലായി രണ്ട് അബ്കാരി കേസുകളും ഒരു കഞ്ചാവ് കേസുമുണ്ട്. വിഷ്ണുവിനെതിരേ എറണാകുളം, തലയോലപ്പറന്പ് എന്നിവിടങ്ങളിൽ കഞ്ചാവ് കേസുകളും, ആലപ്പുഴയിൽ മോഷണക്കേസും, പാലക്കാട് സൗത്ത്, മലന്പുഴ എന്നീ പോലീസ് സ്റ്റേഷനുകളിൽ ബലാൽസംഗ കേസുകളും നിലവിലുണ്ട്.
വൈക്കം, ആലപ്പുഴ, എറണാകുളം, പാലക്കാട് എന്നിവിടങ്ങളിൽ ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. സുരേഷ് എന്ന നായ സുര പോലീസുകാരെയും മുൻ കൗണ്സിലറെയും ആക്രമിച്ചതടക്കം അഞ്ചോളം കൊലപാതക ശ്രമക്കേസുകളിലെ പ്രതിയാണ്. നായ സുരയുടെ കൂട്ടാളിയാണ് കാളി എന്ന കൃഷ്ണപ്രസാദ്. ഇയാൾക്കെതിരേ പാലക്കാട് നോർത്ത് പോലീസ് സ്റ്റേഷനിൽ കൊലപാതക ശ്രമക്കേസുണ്ട്.
പാലക്കാട് ഡിവൈഎസ്പി ജി.ഡി. വിജയകുമാറിന്റെ മേൽനോട്ടത്തിൽ പാലക്കാട് നോർത്ത് എസ്ഐ ആർ. രഞ്ജിത്ത്, എസ്എസ്ഐ നന്ദകുമാർ, ക്രൈം സ്ക്വാഡ് അംഗങ്ങളായ കെ . നന്ദകുമാർ, ആർ. കിഷോർ, എം. സുനിൽ, കെ. അഹമ്മദ് കബീർ, ആർ വിനീഷ്, ആർ. രാജീദ്, സുരേഷ്, ഡ്രൈവർ എസ്സിപിഒ രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത് .