മുണ്ടക്കയം: വീട്ടിൽ കയറി മധ്യവയസ്കയെ കടന്നു പിടിച്ച കേസിൽ തിരുവനന്തപുരം സ്വദേശിയ റിമാൻഡ് ചെയ്തു. ആറ്റിങ്ങൽ വെള്ളാളൂർ തടത്തിൽ അരികത്ത് വീട്ടിൽ എസ്. ഉണ്ണി (41) ആണ് ഇന്നലെ പോലീസ് പിടിയിലായത്.
ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.വൈകുന്നേരം അഞ്ചിന് കൂട്ടിക്കൽ ഇളംകാട് കരയിൽ വല്ല്യന്ത ഭാഗത്തുള്ള വീടിന്റെ മുന്നിൽ നിന്നിരുന്ന വീട്ടമ്മയെ സമീപത്തുണ്ടായിരുന്ന ക്രഷർ യൂണിറ്റിലെ തൊഴിലാളിയായ ഉണ്ണി പുറകിൽനിന്നും വട്ടം കയറി പിടിക്കുകയായിരുന്നു.
വീട്ടമ്മ നിലവിളിച്ചതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു.മുണ്ടക്കയം പോലിസ് ഇൻസ്പെക്ടർ എ. ഷൈൻകുമാറിന്റെ നേതൃത്വത്തിൽ സിപിഒമാരായ ജോഷി എം തോമസ്, രഞ്ജിത് എസ് നായർ എന്നിവരുൾപ്പെട്ട സംഘം സ്ഥലത്തെത്തി പ്രതിക്കായി തെരച്ചിൽ നടത്തി.
പാറയുടെ ഇടയിൽ കയറി ഒളിച്ചിരുന്ന പ്രതിയെ നാട്ടുകാരുടെ സഹായത്തോടെയാണ് പിടികൂടിയത്.