വടക്കഞ്ചേരി: പന്നിയങ്കര ടോൾ പ്ലാസക്കു സമീപത്തു നിന്നുംതണ്ണി മത്തൻ കയറ്റിയ പിക്കപ്പ് വാൻ മോഷ്ടിച്ച കേസിൽ രണ്ട് പേരെ വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. പീച്ചി കണ്ണാറ ആൽപ്പാറ സ്വദ്ദേശികളായ സതീശ് (39), സുബീഷ് (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആലത്തൂർ ഫസ്റ്റ് ക്ളാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
എ എസ് പി വൈഭവ് സക്സേന, ഡിവൈഎസ്പി വി.എ.കൃഷ്ണദാസ്, സി ഐ പ്രദീപ് കുമാർ, എസ്.ഐ ആദംഖാൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് യുവാക്കളെ പിടികൂടിയത്. അഞ്ച് ദിവസം മുമ്പു പിക്കപ്പ് വാൻ ഉപേക്ഷിക്കപ്പെട്ട നിലയി മണ്ണുത്തിയിൽ നിന്നും കണ്ടെത്തിയതാണ് പ്രതികളെ പിടികൂടാൻ സഹായിച്ചത്.
കേസിൽ കൂടുതൽ പ്രതികളുണ്ടെന്നാണ് പോലീസ് നിഗമനം.കഴിഞ്ഞ ഫെബ്രുവരി 25ന് വൈകീട്ട് നാലരയോടെയാണ് പിക്കപ്പ് വാൻ റാഞ്ചിയത്. ടോൾ പ്ലാസക്കടുത്ത് വാഹനം നിർത്തി ഡ്രൈവർ കോയന്പത്തൂർ ചാവടി അരുണ്‍ സ്വാമി ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ പോയ സമയത്തായിരുന്നു വാൻ മോഷണം.
തമിഴ്നാട്ടിൽ നിന്നും തണ്ണിമത്തനുമായി തൃശൂരിലേക്ക് പോവുകയായിരുന്നു പിക്കപ്പു വാൻ.വാഹന ഉടമ കോയന്പത്തൂർ മൊഹയ്തീൻ ഷാ വടക്കഞ്ചേരി പോലീസിൽ നൽകിയ പരാതിയിലായിരുന്നു അന്വേഷണം.