വടക്കഞ്ചേരി: പ്രധാനിയിൽ യുവാവിനെ വെട്ടി പരിക്കേല്പിച്ച കേസിൽ മൂന്ന് പേരെ വടക്കഞ്ചേരി സിഐ ബി.സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. ചീരക്കുഴി സ്വദ്ദേശികളായ റിൻഷാദ് ഇളങ്കാവ് (20), അമീർ (19) കൊഴിഞ്ഞാന്പാറ സ്വദേശി അബ്ദുൾ സമദ് (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേസിൽ എട്ട് പ്രതികളുണ്ടെന്ന് പോലീസ് പറഞ്ഞു.
മറ്റുള്ളവർക്കായി അന്വേഷണം ഉൗർജിതമാണ്. വധശ്രമത്തിനാണ് ഇവർക്കെതിരെ കേസ്സെടുത്തിട്ടുള്ളത്. കഞ്ചാവ് വില്പനയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് അക്രമത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു. അബ്ദുൾ സമദ് കുറച്ച് കാലമായി വടക്കഞ്ചേരിയിലാണ് താമസം. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ബൈക്കുകളിലെത്തിയ സംഘം ടൗണിനടുത്ത് പ്രധാനിയിലെ സഫറി(28)നെ വെട്ടി ഗുരുതരമായി പരിക്കേല്പിച്ചത്.
കൈക്ക് സാരമായി പരിക്കേറ്റ സഫർ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കഞ്ചാവ് സംഘങ്ങളുടെ താവളമായി വടക്കഞ്ചേരി മാറിയിരിക്കുകയാണ്. വിദ്യാർത്ഥികളും ചെറുപ്പക്കാരുമെല്ലാം കഞ്ചാവിന്റെ ലഹരിയിലാണ്. കഞ്ചാവ് ലോബികളുടെ പ്രവർത്തനം പൂർണ്ണമായും നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ നാട്ടിൽ വലിയ വിപത്തുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.