ചാലക്കുടി: ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ. മോതിരക്കണ്ണി സ്വദേശികളായ വട്ടോലി ജോഷി (42), കരിപ്പായി ജെയ്സൻ (47), പരിയാരം കാച്ചപ്പിള്ളി ബേബി (49) എന്നിവരെയാണ് സിഐ ജെ.മാത്യു, എസ് ഐ കെ.വി.സുധീഷ് കുമാർ എന്നിവർ ചേർന്ന് അറസ്റ്റുചെയ്തത്.
പരിയാരം പഞ്ചായത്ത് ഓഫീസിനു മുൻവശം പ്രവർത്തിക്കുന്ന ഗവ. ആയുർവേദാശുപത്രിയിൽ കയറി ബഹളം വയ്ക്കുകയും അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറെ അസഭ്യം പറയുകയും ചെയ്ത കേസിലാണ് അറസ്റ്റ്.
കഴിഞ്ഞ മേയ് പതിനൊന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. മദ്യലഹരിയിലായിരുന്ന ഒന്നാംപ്രതി ജോഷി ആശുപത്രിയുടെ പരിശോധനാസമയം കഴിഞ്ഞ് തനിക്ക് മരുന്നു വാങ്ങിക്കണമെന്നു പറഞ്ഞ് വരുകയും ഡോക്ടറെ കണ്ട് മരുന്ന് എഴുതിക്കുകയും ചെയ്തശേഷം തന്റെ സുഹൃത്തുക്കളായ മറ്റു രണ്ടുപേരുംകൂടി വരാനുണ്ടെന്നു പറഞ്ഞ് അവരെ ചികിത്സിച്ചിട്ട് പോയാൽ മതിയെന്നു പറഞ്ഞ് ആശുപത്രിയിൽ ബഹളം ഉണ്ടാക്കുകയും ഡോക്ടറെ തടഞ്ഞുവയ്ക്കുകയും ചെയ്തു.
ഈ സമയം മറ്റു രണ്ടു പ്രതികൾകൂടി ആശുപത്രിയിലെത്തുകയും അവിടെയുണ്ടായിരുന്ന മറ്റു ജോലിക്കാരെയും ലേഡി ഡോക്ടറെയും അസഭ്യം പറയുകയും തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിനുശേഷം പ്രതികൾ ഒളിവിൽ പോവുകയായിരുന്നു.
ഇതിനെത്തുടർന്ന് സിഐയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം ഇവരെ പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. എഎസ്ഐ സി.ജി.സന്തോഷ് കു മാർ, സീനിയർ സിപിഒ എം.എസ്.ഷിജു, സിപിഒമാരായ വി.ജെ. പ്രമോദ്, ആൻസൻ പൗലോസ്, പി.വി. ദിപു, ഷീബ അശോകൻ, ഹോംഗാർഡ് ഏലിയാസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.