വടകര: വിദ്യാർഥികളെ കേന്ദ്രീകരിച്ച് ബ്രൗണ്‍ഷുഗർ വിപണനം നടത്തുന്ന രണ്ടുപേരെ എടച്ചേരി പോലിസ് അറസ്റ്റ്ചെയ്തു. ഏറാമല ആദിയൂർ കടവത്ത്മീത്തൽ വിജീഷ് (32), ഓർക്കാട്ടേരി പുത്തൻപീടികയിൽ ജബാർ എന്ന വിബിൻ (36) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് അന്‍പത് ചെറിയ പാക്കറ്റുകളിലാക്കിയ 3.5 ഗ്രാം ബ്രൗണ്‍ഷുഗർ കണ്ടെടുത്തു.
ആദിയൂരിലെ വിജീഷിന്റെ വീട് കേന്ദ്രീകരിച്ച് ബ്രൗണ്‍ഷുഗർ വിപണനം നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് വടകര സിഐ ടി.മധുസൂധനന്റെ നേതൃത്വത്തിൽ പോലിസ് പരിശോധന നടത്തിയത്.
സ്കൂൾ, കോളജ് വിദ്യാർഥികൾക്കു വിൽക്കാൻ ഉദ്ദേശിച്ചാണ് ഇവർ പാക്കറ്റുകളിലാക്കി വിതരണം ചെയ്യുന്നതെന്ന് പോലിസ് അറിയിച്ചു. ഗോവയിൽ നിന്നാണ് ബ്രൗണ്‍ഷുഗർ കൊണ്ടുവന്നത്. അടിപിടി കേസുകളും വധശ്രമവുമടക്കമുള്ള നിരവധി കേസുകളിൽ പ്രതിയാണ് പിടിയിലായ ജബ്ബാർ എന്ന വിബിൻ. പോലിസ് പിടിയിലാകുന്പോൾ രണ്ടുപേരും ലഹരിയിലായിരുന്നു.
സിഐക്കു പുറമെ എടച്ചേരി എസ്ഐ യൂസഫ് നടുത്തറേമ്മൽ, എഎസ്ഐ ജയൻ, സിവിൽ പോലീസ് ഓഫീസർമാരായ ഹരിദാസൻ, മനോജ്കുമാർ, ശാലിനി, രതീഷ്, വിജേഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. പ്രതികളെ വിശദമായ ചോദ്യം ചെയ്യലിനുശേഷം കോടതിയിൽ ഹാജരാക്കും.