കാഞ്ഞൂർ: കാഞ്ഞൂർ പഞ്ചായത്ത് സെക്രട്ടറിയെ കൈക്കൂലി കേസിൽ വിജിലൻസ് അറസ്റ്റു ചെയ്തു. സെക്രട്ടറി പി. രാജലക്ഷ്മിയെയാണ് കൊച്ചി സെൻട്രൽ റേഞ്ചിലെ വിജിലൻസ് ആന്‍ഡ് ആന്റി കറപ്ഷൻ ബ്യൂറോയിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഫിറോസ് എം. ഷെഫീക്കിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ഇന്നലെ പഞ്ചായത്ത് ഓഫീസിൽ നിന്നു പിടികൂടിയത്. ചെങ്ങലിൽ പ്രവർത്തിക്കുന്ന വിമൽ സ്പൈസ് എന്ന സ്ഥാപനത്തിനു ലൈസൻസ് പുതുക്കി നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് സെക്രട്ടറി പണം ആവശ്യപ്പെട്ടത്.
ജാതിക്കയിൽനിന്ന് ഓയിൽ വേർതിരിച്ചെടുക്കുന്ന സ്ഥാപനമാണിത്. സ്ഥാപന ഉടമയായ പോട്ടോക്കാരൻ വിമൽ എന്ന വ്യക്തിയോട് അന്‍പതിനായിരം രൂപയാണ് സെക്രട്ടറി ആദ്യം ആവശ്യപ്പെട്ടത്. പീന്നീട്, 35,000 രൂപ നൽകിയാലേ ലൈസൻസ് നല്കുകയുള്ളൂവെന്ന് സെക്രട്ടറി നിലപാട് എടുത്തതോടെ വിജിലൻസ് എസ്പിക്ക് പരാതി നല്‍കുകയായിരുന്നുവെന്ന് വിമൽ പറഞ്ഞു. എസ്പി പരാതി ഡെപ്യൂട്ടി സൂപ്രണ്ടിന് കൈമാറി.
ഇന്നലെ ഉച്ചകഴിഞ്ഞ്, വിജിലൻസ് ഫിനോഫ്ത്തിലിൻ പൊടിയിട്ട് നല്കിയ 2000ന്റെ പതിനഞ്ച് നോട്ടും 500 ന്റെ പത്തു നോട്ടുമായി വിമൽ പഞ്ചായത്തിലെത്തി സെക്രട്ടറിക്ക് കൈമാറി. തുടർന്ന്, പുറത്തു കാത്തുനിന്ന വിജിലൻസ് സംഘം സെക്രട്ടറിയെ പിടികൂടുകയായിരുന്നു.
മേയ് 31ന് വിരമിക്കാനിരിക്കെയാണ് സെക്രട്ടറി കൈക്കൂലി കേസിൽ അറസ്റ്റിലായത്. സെക്രട്ടറിയെക്കുറിച്ച് നിരവധി തവണ വിജിലൻസിനു പരാതി ലഭിച്ചിരുന്നതായി ഡെപ്യൂട്ടി സൂപ്രണ്ട് പറഞ്ഞു. ഇവരെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കി.