തിരുവനന്തപുരം: മംഗലപുരം ചെന്പകമംഗലത്ത് യുവാവ് കുത്തേറ്റ് മരിച്ചു. സംഭവത്തെത്തുടർന്ന് സുഹൃത്തിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ചെന്പകമംഗലം കിംസ് നഴ്സിംഗ് കോളജിന് സമീപം വട്ടത്തലകുന്ന് വീട്ടിൽ വിഷ്ണു (30) ആണ് മരിച്ചത്.
ഇന്നലെ രാത്രി പത്ത് മണിയോടെ കിംസ് നഴ്സിംഗ് കോളജിന് സമീപമായിരുന്നു സംഭവം. വിഷ്ണുവിന്റെ സുഹൃത്ത് വിമലിനെ ആണ് മംഗലപുരം പോലീസ് കസ്റ്റഡിയിലെടുത്തുത്. സംഭവത്തെപ്പറ്റി പോലീസ് പറയുന്നത് ഇങ്ങനെ- വിഷ്ണുവും വിമലും അടുത്ത സുഹൃത്തുക്കളായിരുന്നു.
വിമലിന്റെ ബന്ധുവായ പെൺകുട്ടിക്ക് വിഷ്ണു വാട്ട്സ് ആപ്പ് മുഖേന മെസേജ് അയച്ചിരുന്നു. ഇതേ ചൊല്ലി ഇരുവരും പിണക്കത്തിലായിരുന്നു. ഇന്നലെ രാത്രിയിൽ വിഷ്ണുവിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി ഇതേകുറിച്ച് വിമൽ സംസാരിച്ചു.
തുടർന്ന് നടന്ന വാക്കേറ്റത്തിനൊടുവിൽ വിമൽ കൈയിൽ കരുതിയിരുന്ന കത്തി കൊണ്ട് വിഷ്ണുവിനെ കുത്തിപരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ കഴക്കൂട്ടത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇരുവരും തമ്മിൽ നടന്ന സംഘർഷത്തിൽ വിമലിനും പരിക്കേറ്റു. വിമൽ വെഞ്ഞാറമൂടിലെ സ്വകാര്യ മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ പോലീസ് കസ്റ്റഡിയിലാണ്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
വിഷ്ണുവിന്റെ മൃതദേഹം മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മംഗലപുരം പോലീസ് മേൽനടപടി സ്വീകരിച്ചു.