പീച്ചി: വില്പന നടത്താൻ ശ്രമിക്കുന്നതിനിടെ ആനയുടെ രണ്ട് തേറ്റകളും പല്ലുമായി രണ്ടു പേർ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിലായി. വാണിയന്പാറ, മണിയൻകിണർ കോളനിയിൽ താമസിക്കുന്ന വിനീഷ്, ജോസഫ് എന്ന മനോജ് എന്നിവരെയാണ് പീച്ചി വൈൽഡ്ലൈഫ് വാർഡൻ പി.എം പ്രഭുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്.
പീച്ചി വാഴാനി വന്യജീവി സങ്കേതത്തിന്റെ കീഴിലുള്ള പീച്ചി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ മാന്പാറ വനഭാഗത്ത് കഴിഞ്ഞ ഡിസംബർ അവസാനത്തോടെ ചരിഞ്ഞ ഒരു പിടിയാനയുടെയാണ് തേറ്റകളും പല്ലും എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി. ഇപ്പോൾ റിമാൻഡിലാണ്.
വനംവകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം ഇങ്ങനെ: കാട്ടിൽ നിന്നും വനവിഭവങ്ങൾ ശേഖരിക്കാൻ പോയ മുഖ്യപ്രതി വിനീഷ് ആന ചരിഞ്ഞത് കാണുകയും ആനയുടെ ശരീരത്തിൽ നിന്ന് രണ്ട് തേറ്റകളും ഒരു പല്ലും എടുത്ത് വീട്ടിൽ സൂക്ഷിക്കുകയായിരുന്നു.
പിന്നീട് സുഹൃത്തായ മനോജും ചേർന്ന് ഇതു വിൽക്കാൻ ശ്രമിക്കുന്നുവെന്ന് വനംവകുപ്പിന് കിട്ടിയ രഹസ്യ വിവരത്ത തുടർന്ന് വിനീഷിന്റെ വീട്ടിലും പരിസരത്തും അന്വേഷണ ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
അന്വേഷണം ഉൗർജിതമാക്കിയതിനെ തുടർന്ന് തേറ്റയും പല്ലും പ്രതി തന്റെ വീടിനു മുൻവശത്തുള്ള പീച്ചി ഡാം റിസർവോയറിലേക്കു വലിച്ചെറിഞ്ഞു.
അതിൽ ഒരു തേറ്റയും പല്ലും തൊട്ടടുത്ത ദിവസം തന്നെ ഉദ്യോഗസ്ഥർ കണ്ടെടുത്തു. ഒരു തേറ്റ വിറ്റുവെന്ന് പറഞ്ഞ് അന്വേഷണം വഴി തിരിച്ചുവിടാൻ ശ്രമിച്ചുവെങ്കിലും വിശദമായ തെരച്ചിലിനൊടുവിൽ അതും ഡാമിൽ നിന്നുതന്നെ കണ്ടെടുക്കുകയായിരുന്നു.
അന്വേഷണ സംഘത്തിൽ വാഴാനി വന്യജീവി സങ്കേതം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ എം.എ. അനീഷ്, ചിമ്മിണി അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ വി. അജയകുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ജി. റിജേഷ്, എ.എച്ച്. ലെജിൻ പീച്ചി, ഒളകര സ്റ്റേഷൻ സ്റ്റാഫുകൾ എന്നിവരും ഉണ്ടായിരുന്നു.