ചെന്ത്രാപ്പിന്നി : കുടുംബ വഴക്കിനെ തുടർന്ന് യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കയ്പമംഗലം പോലീസ് അറസ്റ്റു ചെയ്ത മധ്യവയസ്കനെ കോടതി റിമാൻഡ് ചെയ്തു. എടതിരുത്തി കൊരട്ടിൽ വീട്ടിൽ ശ്രീധരൻ മകൻ വിപിനെയാ(50)ണ് കൊടുങ്ങല്ലൂർ കോടതി റിമാൻഡ് ചെയ്തത്.
ചെന്ത്രാപ്പിന്നി മേനോത്ത് ഭാസി മകൻ ബിനീഷിന്റെ തലയ്ക്കു വെട്ടിയ കേസിലാണ് കയ്പമംഗലം എസ് ഐ കെ.ജെ.ജിനേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് വിപിനെ അറസ്റ്റു ചെയ്തത്. വിപിന്റെ ഭാര്യയുടെ ഇളയച്ഛന്റെ മകനാണ് ബിനീഷയെന്നു പോലീസ് പറഞ്ഞു. സംഭവ ശേഷം അറസ്റ്റു ഭയന്ന പ്രതി ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ പിടികൂടുകയായിരുന്നു.
ഇയാളുടെ ഭാര്യ പിതാവിന്റെ രണ്ടാം വിവാഹം നടത്തിപ്പിനായി ബിനീഷ് ശ്രമിക്കുന്നതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമായി പോലീസ് പറയുന്നത്. ഇതേച്ചൊല്ലി ബിനീഷിന്റെ പിതാവുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ട പ്രതി ബൈക്കിലെ സഞ്ചിയിൽ ഒളിപ്പിച്ചു വച്ചിരുന്ന വെട്ടുകത്തിയെടുത്തു വീശി.
ഇതു കണ്ടു തടയാൻ ഓടിയെത്തിയ ബിനീഷിനെ തലയിൽ വെട്ടി പരുക്കേൽപ്പിക്കുകയായിരുന്നു എടത്തിരുത്തിയിൽ സ്റ്റുഡിയോ നടത്തി വരികയായിരുന്നു ഇയാൾ. സീനിയർ സി പി ഒ മാരായ സജിബാൽ,സി കെ. ഷാജു, സിപിഒ മാരായ പി.എ അഭിലാഷ്,ജീവൻ, ഷിന്റോ എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.