കാട്ടാക്കട: വീടിന്റെ ടെറസിൽ നിന്ന് മകൻ തള്ളിയിട്ട പിതാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. മകൻ അറസ്റ്റിൽ. അന്തിയൂർക്കോണം കാപ്പിവിള പുത്തൻവീട്ടിൽ വിനോദിനെയാണ് (56) ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി മകൻ വിപിൻ ( 20 ) തള്ളിയിട്ടത്. മകനെ മലയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെക്കുറിച്ച് പോലീസ് പറഞ്ഞത്: വിനോദിന്റെ ആദ്യ ഭാര്യയിലുള്ള മകനാണ് വിപിൻ. മാതാവിന്റെ അമ്മയോടൊപ്പം തമിഴ്നാട് ഊരമ്പിലാണ് വിപിൻ താമസിക്കുന്നത്.
സംഭവ ദിവസം രാത്രി എട്ടോടെ വിപിൻ അന്തിയൂർക്കോണത്തെത്തി പിതാവുമായി സംസാരിക്കുന്നതിനിടെ വാക്കുതർക്കമുണ്ടായി. രാത്രി മദ്യപിച്ചെത്തിയ വിപിൻ അന്തിയൂർക്കോണത്തെ വീട്ടിലെത്തി ടെറസിന് മുകളിൽ കയറി.
ഇതറിഞ്ഞ് വിനോദ് അവിടെയെത്തി മകനുമായി വീണ്ടും വാക്ക് തർക്കവും പിടിവലിയുമായി. ഇതിനിടെ അടിയേറ്റ് വിനോദ് അബോധാവസ്ഥയിലായി.
തുടർന്ന് വിനോദിനെ ടെറസിൽ നിന്നും താഴേയ്ക്ക് തള്ളിയിടുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ വിപിൻ മൊഴി നൽകി. ഈ സമയം വിനോദ് മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു.
തള്ളിയിട്ട ശേഷം മുങ്ങിയ വിപിനെ തച്ചോട്ടുകാവ് ഭാഗത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് ചോദ്യം ചെയ്തപ്പോഴാണ് സംഭവം അറിയുന്നത്.
ഉടൻ പോലീസ് വിപിനെ വീട്ടിലെത്തിച്ചപ്പോൾ രക്തം വാർന്ന നിലയിൽ വിനോദിനെ കണ്ടെത്തുകയായിരുന്നു. തുടർന്ന് വിനോദിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.