വൈക്കം: മദ്യലഹരിയിൽ നടന്ന കലഹത്തിനിടയിൽ അനുജൻ ജേഷ്ഠനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ മാതാവിന്റെ എടിഎം കാർഡിനെ ചൊല്ലിയുണ്ടായ തർക്കമാണ് കാരണമെന്നു മൊഴി.
ഉദയനാപുരം വൈക്കപ്രയാർ ഒറ്റയിൽ താഴ്ചയിൽ രവിൻ (34) ആണ് കൊല്ലപ്പെട്ടത്. സഹോദരൻ വിപിനെ പോലീസ് അറസ്റ്റ് ചെയ്തു.
മാതാവിന്റെ എടിഎം കാർഡിലെ പൈസ എടുക്കുന്നതു സംബന്ധിച്ചുള്ള തർക്കത്തിനൊടുവിൽ വിപിൻ മൂർച്ചയുള്ള കത്തി ഉപയോഗിച്ച് രവിന്റെ തലയുടെ പിന്നിലായി വെട്ടുകയായിരുന്നു. ഇന്നലെ രാത്രി ഏഴിനായിരുന്നു സംഭവം.
രവിൻ വീട്ടുമുറ്റത്ത് വീണു കിടക്കുന്നതായി അനുജൻ വിപിൻ സമീപ വീട്ടിലെ വീട്ടമ്മയെ അറിയച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. വീട്ടമ്മ വന്നു നോക്കിയപ്പോൾ വീട്ടുമുറ്റത്ത് രവിൻ അനക്കമറ്റ് കിടക്കുന്നത് കണ്ടു.
ഇവർ സമീത്തെ വീട്ടിലെ ഗൃഹനാഥനെ വിവരമറിയിച്ചതോടെ കൂടുതൽ പേർ ഓടിയെത്തി. ഈ സമയം വിപിൻ രവിനെ വീടിനുള്ളിൽ എടുത്തു കിടത്തിയിരുന്നു.
വൈക്കം താലൂക്ക് ആശുപത്രിയിൽ നാട്ടുകാർ ഉടൻ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കെട്ടിട നിർമാണ തൊഴിലാളികളായ രവിനും അനുജൻ വിപിനും ഒരുമിച്ചാണ് താമസം.
മദ്യപിച്ചു പതിവായി കലഹത്തിലേർപ്പെടുന്നവരായതിനാൽ ഇരുവരുടേയും ഭാര്യമാർ കുട്ടിയുമായി അവരവരുടെ വീട്ടിലേക്കു പോയിരുന്നു.
വീട്ടിലെ കലഹംമൂലം ഇവരുടെ പിതാവ് മറ്റൊരു വീട്ടിൽ തനിച്ചാണ് താമസം. മാതാവ് കടുത്തുരുത്തിയിലെ ഒരു വീട്ടിൽ ജോലി ചെയ്താണ് കഴിയുന്നത്.
സഹോദരൻമാർ മദ്യപിച്ചു പതിവായി അടിപിടിയുണ്ടാക്കുന്നതിനാൽ നാട്ടുകാരും ഇവിടേക്കു ശ്രദ്ധിക്കാറില്ലെന്ന് പറയുന്നു. പോലീസിന്റെ ചോദ്യം ചെയ്യലിൽ വിപിൻ കുറ്റം സമ്മതിച്ചു.