കോട്ടയം: നോട്ട് കെട്ടെന്നെ വ്യാജേന വെള്ള പേപ്പർ കെട്ട് നല്കിയ ആളെ കോട്ടയം വെസ്റ്റ് പോലീസ് ഓടിച്ചിട്ടു പിടികൂടി. കൊല്ലം ശൂരനാട് സ്വദേശി പ്ലാവിലശേരിയിൽ വിഷ്ണു ചന്ദ്രനെ (29)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം കോട്ടയം ഭാരത് ആശുപത്രിക്കു സമീപമാണ് സംഭവം.
കോട്ടയം സ്വദേശിയായ യുവാവ് ഇയാളുടെ രണ്ട് ഐഫോണുകൾ വില്ക്കാനുണ്ടെന്ന് കാണിച്ചു ഓണ്ലൈൻ വില്പന സൈറ്റായ ഒഎൽഎക്സിൽ പരസ്യം നല്കി. ഇതു കണ്ട വിഷ്ണു ഫോണ് ഇഷ്്ടപ്പെട്ടുവെന്നും വാങ്ങാൻ താല്പര്യമുണ്ടെന്നും കാണിച്ചു ഉടമയെ ഫോണിൽ ബന്ധപ്പെട്ടു.
തുടർന്നു ഇന്നലെ വൈകുന്നേരം ഭാരത് ആശുപത്രിയ്ക്കു സമീപത്ത് വച്ചു പണം നല്കി ഫോണ് വാങ്ങി കൊള്ളാമെന്ന് വാക്ക് പറഞ്ഞു ഉറപ്പിച്ചു. ഇതോടെ വൈകുന്നേരത്തോടെ പറഞ്ഞുറപ്പിച്ച സമയത്ത് രണ്ടു പേരും സ്ഥലത്തെത്തി.
ഫോണ് വാങ്ങി നോക്കിയ വിഷ്ണു പണമാണെന്ന് പറഞ്ഞു വലിയ പൊതി ഫോണ് നല്കിയയാൾക്കു കൈമാറി. തുടർന്നു ഫോണുകളുമായി ഓടി രക്ഷപ്പെടുകയായിരുന്നു.
ഫോണ് വില്പന നടത്തിയയാൾ ബഹളമുണ്ടാക്കിയതോടെ സംഭവം കണ്ട നാട്ടുകാർ ഉടൻ തന്നെ വിവരം പോലീസിൽ അറിയിക്കുകയും കോട്ടയം വെസ്റ്റ് എസ്എച്ച്ഒ അനൂപ് കൃഷ്ണയുടെ നിർദേശാനുസരണം എസ്ഐ ടി. ശ്രീജിത്ത് ഇയാളെ പിടികൂടുകയുമായിരുന്നു.
ഈ സമയം പണമാണെന്ന് കരുതി ലഭിച്ച പൊതി തുറന്നു നോക്കിയപ്പോൾ നോട്ടിന്റെ അതേ വലിപ്പത്തിൽ മുറിച്ചിരിക്കുന്ന പേപ്പർ കഷ്്ണങ്ങളുടെ കെട്ട് കണ്ടെത്തി.
ഇയാൾക്കെതിരെ 2009ൽ കോട്ടയം വെസ്റ്റ് സ്റ്റേഷനിൽ വെട്ട് കേസ് നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു. പ്രതിക്കെതിരെ പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.