തലയോലപ്പറന്പ്: മൂന്നംഗ കുടുംബം വീടിനുള്ളിൽ ജീവനൊടുക്കിയ സംഭവത്തിൽ കസ്റ്റഡിയിലെടുത്ത യുവാവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വൈക്കം മേവെള്ളൂർ മടത്തേടം മേനാക്കൽ എം.കെ. ബിനോയി (ബോസ്- 49), ഭാര്യ സെലീന (48), മകൾ അഖില (17) എന്നിവരെയാണ് ഇന്നലെ രാവിലെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ബിനോയിയും ഭാര്യ സെലീനയും കിടപ്പുമുറിയിലെ ജനലഴികളിൽ തൂങ്ങിമരിച്ച നിലയിലും ഇളയ മകൾ അഖിലയെ കിടപ്പുമുറിയിലെ ഫാനിലുമാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മാതാപിതാക്കൾ കിടപ്പു മുറിയിൽ തൂങ്ങി നിൽക്കുന്നതു കണ്ട അഖില പിറവത്തു താമസിക്കുന്ന സഹോദരി അമലുവിനെ വിളിച്ചു വിവരം പറഞ്ഞിരുന്നു. പിന്നീട് കൈ ഞരന്പു മുറിച്ചശേഷം അഖില കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങുകയായിരുന്നു.
അമലു വെള്ളൂരിലുള്ള മാതൃസഹോദരിയെ വിവരമറിയിച്ചതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ഉടനെയെത്തി മൂവരെയും കുരുക്കറുത്ത് പൊതിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഖില വെള്ളൂർ ഇറുന്പയം സ്വദേശിയായ 19കാരനുമായി അടുപ്പത്തിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ടു വെള്ളൂർ ഇറുന്പയം സ്വദേശി വിഷ്ണുദാസി (19)നെ പോലീസ് അറസ്റ്റ് ചെയ്തു.
ബിനോയി പാരന്പര്യനാട്ടുവൈദ്യവുമായി ബന്ധപ്പെട്ടു ചികിൽസ നടത്തി വരികയായിരുന്നു. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി. വൈക്കം എസ്എച്ച്ഒ എസ്. പ്രദീപ്, വെള്ളൂർ എസ്ഐ രഞ്ജിത്ത് കെ. വിശ്വനാഥ്, വൈക്കം അഡീഷണൽ തഹസിൽദാർ സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് മേൽനടപടികൾ സ്വീകരിച്ചത്.