നെടുമങ്ങാട് : സംസ്ഥാന വ്യാപകമായി വ്യാജ കരം തീർത്ത രസീതും പ്രമാണങ്ങളും ഉപയോഗിച്ച് കോടതികളിൽ ജാമ്യം എടുത്തു കൊടുക്കുന്ന സംഘം പോലീസ് പിടിയിൽ.നെടുമങ്ങാട് മഞ്ച യുപി എസിനു സമീപം റോഡരികത്തു വീട്ടിൽ സെയ്ദലി (40), പട്ടം മരപ്പാലം നെല്ലിനിലയം രാജ്കുമാർ (49 ), കരമന നെടുംകാട് പനയിൽ വീട്ടിൽ മണികണ്ഠൻ (49), മണക്കാട് കുര്യാത്തി കാവുവിള ലൈൻ സുധീഷ് കുമാർ (48 ), കുറക്കട ആലപ്പറക്കുന്നു ആശാനിവാസിൽ കുമാരി (52 ), വർക്കല അതിരൂർ അഭിജിത് നിവാസിൽ അശ്വതി (29 ), കരമന മേലാറന്നൂർ പണ്ടാര വിളാകം വാസന്തി (44 ) എന്നിവരാണ് പോലീസ് പിടിയിലായത്.
മുഖ്യ പ്രതിയായസെയ്ദലി യുടെ വീട്ടിൽ നിന്നും വ്യാജ കരം തീർത്ത രസീതുകൾ, വ്യാജ മുദ്രപത്രങ്ങൾ, മുദ്രപത്രങ്ങൾ ഉണ്ടാക്കാനുള്ള അച്ചുകൾ, കംപ്യൂട്ടർ , പ്രിന്റർ, എന്നിവ പോലീസ് കണ്ടെടുത്തു. തിരുവനന്തപുരം റൂറൽ എസ് പി പി .അശോക്കുമാറിന്റെ നിർദേശാനുസരണം നെടുമങ്ങാട് ഡിവൈഎസ്പി ജെ. എസ്. ദിനിൽ, ഷാഡോ പോലീസ് ഡിവൈ എസ്പി അശോകൻ, നെടുമങ്ങാട് സിഐ എസ്. എസ്. സുരേഷ്കുമാർ. എസ് ഐ ഷിബുകുമാർ , എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
വ്യാജ രേഖകൾ ചമച്ചു ജ്യാമ്യമെടുക്കുന്നതിൽ വക്കീലന്മാരുടെയും ഗുമസ്തന്മാരുടെയും പങ്കിനെക്കുറിച്ചും പോലീസ് അന്വേഷിച്ചു വരികയാണ്.