വടകര: ഭർതൃമതിയായ യുവതിയുടെ ഫോട്ടോ മോർഫ് ചെയ്യുകയും ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ മൊബൈൽ ഷോപ്പുടമ പിടിയിൽ. തിരുവള്ളൂരിലെ തയ്യിൽ താഴെ വൈശാഖിനെയാണ് (29) വടകര പോലീസ് ഇൻസ്പെക്ടർ വി.വി.അബ്ദുൾകരീമും സംഘവും അറസ്റ്റ് ചെയ്തത്. ഷോപ്പിൽ മൊബൈൽ ഫോണ്‍ നന്നാക്കാനെത്തിയപ്പോഴാണ് ഇയാൾ യുവതിയുമായി പരിചയം സ്ഥാപിച്ചത്.
പിന്നീട് യുവതിയുടെ ഫോണിലേക്കു നിരന്തരം വിളിയായി. യുവതിയുടെ ഫോട്ടോ തരപ്പെടുത്തിയ പ്രതി ഇത് അശ്ലീല ചിത്രവുമായി ചേർത്ത് മോർഫ് ചെയ്യുകയായിരുന്നു. ഇത് ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമം തുടങ്ങി. ശല്യം സഹിക്കാനാവാതെ യുവതി ഭർത്താവിനെ അറിയിച്ചതോടെയാണ് പോലീസിൽ പരാതിപ്പെടുന്നതും പ്രതിയെ അറസ്റ്റ് ചെയ്തതും.
സ്ത്രീകളെ അപകീർത്തിപെടുത്തിയതിനും ചിത്രം മോർഫ് ചെയ്തതിനുള്ള ഐടി ആക്ട് പ്രകാരവുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതിയെ വടകര കോടതി രണ്ടാഴ്ചത്തേക്കു റിമാന്‍ഡ് ചെയ്തു.