ഇരിട്ടി: കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ വാഹനം പരിശോധിക്കവേ എക്സൈസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടു പോവുകയും വഴിയരികിൽ ഉപേക്ഷിക്കുകയും ചെയ്ത സംഭവത്തിൽ വാഹനവും പ്രതിയും പിടിയിൽ.
ബേപ്പൂർ സ്വദേശി യാസർ അറഫാത്തിനെയും കെഎല്‍ 45 എം 6300 നമ്പര്‍ രജിസ്ട്രേഷനിലുള്ള വാഹനവും കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നായി കണ്ടെത്തുകയായിരുന്നു. എക്സൈസ് കമീഷ്ണർ സ്ക്വാഡും ഇരിട്ടി പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് വാഹനവും പ്രതിയേയും കണ്ടെത്തി കസ്റ്റഡിയിലെടുത്തത്.
പ്രതി കടത്തികൊണ്ടു വന്ന മയക്കുമരുന്നുകൾ കണ്ടെത്തുന്നതിനും കൂട്ടു പ്രതികളെ കണ്ടെത്തുന്നതിനും എക്സൈസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. അന്വേഷണത്തിൽ എക്സൈസ് കമീഷ്ണർ സ്ക്വാഡ് അംഗങ്ങളായ കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റ് ഇൻസ്പെക്ടർ പി.കെ. മുഹമ്മദ് ഷഫീഖ്, കണ്ണൂർ സ്ക്വാഡ് ഇൻസ്പെക്ടർ ടി. ഷിജുമോൻ, പ്രിവന്റീവ് ഓഫീസർ കെ . പ്രദീപ്കുമാർ, സിഇഒമാരായ സച്ചിൻദാസ്, നിതിൻ ചോമാരി എന്നിവരും പോലീസ് പാർട്ടിയിൽ എസ്ഐ സനീഷ്, സീനിയർ സിപിഒമാരായ അനൂപ്, ഷിജോയ്, ഷൗക്കത്തലി,നിജീഷ് എന്നിവരുമാണ് ഉണ്ടായിരുന്നത്.
വെള്ളിയാഴ്ച പുലർച്ചെ 2.30 തോടെയായിരുന്നു സംഭവം.എക്സൈസ് ഉദ്യോഗസ്ഥൻ കെ.കെ. ഷാജിയെയാണ് വാഹനത്തിനുള്ളിൽ കയറി പരിശോധിക്കുന്നതിനിടെ വാഹനം ഓടിച്ചുപോവുകയും മൂന്നു കിലോമീറ്റർ കഴിഞ്ഞ് കിളിയന്തറ ഭാഗത്ത് റോഡരികിൽ ഇറക്കിവിടുകയും ചെയ്തത്.