ചേർത്തല: വീട്ടമ്മയെ വീട്ടിൽ കയറി വെട്ടി പരുക്കേൽപ്പിച്ച കേസിലെ പ്രതിയായ ആർഎസ്എസ് പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് രണ്ടാം വാർഡിൽ കണിച്ചുകുളങ്ങര വേലിയ്ക്കകത്ത് ജിനീഷ് (34) നെയാണ് എസ്ഐ ജി. അജിത്ത്കുമാറിന്റെ നേതൃത്വത്തിൽ ഇന്നലെ പെരുന്പാറ കവലയിൽ നിന്ന് പിടികൂടിയത്.
കഴിഞ്ഞ ഏഴിന് രാത്രിയായിരുന്നു ആക്രമണം. നഗരസഭ 20-ാം വാർഡിൽ അറയ്ക്കൽപറന്പിൽ പെണ്ണമ്മയ്ക്കാണ് വെട്ടേറ്റത്. ഇവരുടെ മകൻ സുരേഷിനെ തേടിയെത്തിയ പ്രതി ഇയാൾ ഇല്ലെന്ന് അറിഞ്ഞതോടെ പെണ്ണമ്മയെ ആക്രമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
അരുവാളിന് വെട്ടേറ്റ പെണ്ണമ്മയുടെ കൈയുടെ അസ്ഥിക്ക് പൊട്ടലുണ്ടായി. തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ജിനീഷ് നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.