ആലപ്പുഴ: വീട്ടിൽ ഒറ്റയ്ക്കു താമസിച്ചിരുന്ന സ്ത്രീയെ ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കരുതിക്കൂട്ടിയുള്ള കൊലപാതകമെന്നു തെളിഞ്ഞു. സംഭവത്തിൽ ആലപ്പുഴ സൗത്ത് പോലീസ് സ്ത്രീകളടക്കം മൂന്നു പേരെ അറസ്റ്റ് ചെയ്തു.
പുന്നപ്ര, അന്പലപ്പുഴ എന്നിവിടങ്ങളിൽ രണ്ടു സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസിൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ പുന്നപ്ര സൗത്ത് പണിക്കൻവെളി ഷംസുദീന്റെ മകൻ നജ്മൽ (അജ്മൽ-28), ആലപ്പുഴ പവർഹൗസ് വാർഡ് തൈപ്പറന്പിൽവീട്ടിൽ അസീസിന്റെ ഭാര്യ മുംതാസ്(46) എന്നിവരും പ്രതികൾ കൈക്കലാക്കിയ സ്വർണാഭരണങ്ങൾ ജ്വല്ലറിയിൽ വിറ്റ സീനത്ത് എന്ന സ്ത്രീയുമാണ് പിടിയിലായത്.
കഴിഞ്ഞ മാസം 12നായിരുന്നു കേസിനാസ്പദമായ സംഭവം. ആലപ്പുഴ തിരുവന്പാടി സ്വദേശിനി മേരി ജാക്വിലിൻ(52) ആണ് കൊല്ലപ്പെട്ടത്. പോലീസ് പറയുന്നതിങ്ങനെ: സ്ത്രീയെ മരിച്ചനിലയിൽ കണ്ടെത്തിയതിന്റെ തലേന്നു ഗൾഫിലുള്ള ഏക മകൻ അമ്മയെ ഫോണിൽ വിളിച്ചിട്ടു കിട്ടാത്തതിനെത്തുടർന്നു അടുത്ത ദിവസം നാട്ടിലെത്തി. സുഹൃത്തുക്കളുമൊത്തു വീടിന്റെ വാതിൽ പൊളിച്ച് അകത്തുകയറി പരിശോധിച്ചപ്പോഴാണ് അമ്മയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
മരിച്ച സ്ത്രീ വീട്ടിൽ ഒരു വർഷം മുന്പ് “വീട്ടിൽ ഉൗണ്’’ എന്ന പേരിൽ ഹോട്ടൽ നടത്തിയിരുന്നു. ഹോട്ടലിന്റെ മറവിൽ അനാശാസ്യം നടന്നിരുന്നതായി അന്വേഷണ സംഘത്തിനു രഹസ്യവിവരം ലഭിക്കുകയും ഈ വഴിക്ക് അന്വേഷണം നടത്തുകയും ചെയ്തതോടെയാണു കൊലപാതകത്തിനു പിന്നിൽ സെക്സ് റാക്കറ്റ് സംഘത്തിലുൾപ്പെട്ടവരാണെന്നു മനസിലായത്. ജില്ലയിൽ അനാശാസ്യ സംഘങ്ങളുമായി ബന്ധമുള്ള നിരവധി സ്ത്രീകളെ പലതവണ ചോദ്യംചെയ്തു നടത്തിയ അന്വേഷണത്തിലാണു പ്രതികൾ പിടിയിലായത്.
കൊല്ലപ്പെട്ട മേരി ജാക്വിലിൻ ഗൾഫിൽ മകന്റെ അടുക്കലേക്കു പോകാൻ ഒരുങ്ങുന്നെന്നറിഞ്ഞ ഒന്നും രണ്ടും പ്രതികൾ അവരുടെ പക്കലുണ്ടായിരുന്ന പത്തു പവന്റെ രണ്ടു മാലകൾ കവർന്നെടുക്കാൻ വേണ്ടിയാണു കൊലപാതകം നടത്തിയതെന്നു പോലീസ് പറയുന്നു. അതിനായി സംഭവ ദിവസം ഉച്ചയോടെ പ്രതികൾ രണ്ടും വീട്ടമ്മയുടെ വീട്ടിലെത്തി. പ്രതികൾ അവിടെ അനാശാസ്യത്തിൽ ഏർപ്പെട്ടു. പിന്നീട് രണ്ടാം പ്രതി മുംതാസിനെ കാവൽ നിർത്തി ഒന്നാം പ്രതി നജ്മൽ മദ്യലഹരിയിൽ വീട്ടമ്മയുമായും ബന്ധപ്പെട്ട ശേഷം അവരെ മർദിച്ചു അവശയാക്കുകയായിരുന്നു.
തുടർന്നു പ്രതികൾ വീട്ടമ്മയുടെ ആഭരണങ്ങൾ അഴിച്ചെടുത്തു. തെളിവ് നശിപ്പിക്കാൻ വീട്ടമ്മയുടെ ദേഹം മുഴുവൻ എണ്ണ തേച്ചു കിടത്തി. പിന്നീട് ആഭരണങ്ങൾ മൂന്നാം പ്രതി സീനത്തിനെകൊണ്ടു മുല്ലയ്ക്കലെ ഒരു ജ്വല്ലറിയിൽ പണയം വയ്പിച്ചു. പ്രതിഫലമായി അവർക്ക് ഒരു മോതിരവും കുറച്ചുപണവും നൽകി.പ്രതികളെ ഇന്നലെ കോടതിയിൽ ഹാജരാക്കി. സംഭവവുമായി ബന്ധപ്പെട്ടു പോലീസ് ചോദ്യം ചെയ്യാൻ കൊണ്ടുവന്ന മണ്ണഞ്ചേരിയിലെ ഒരു ഓട്ടോഡ്രൈവർ ജീവനൊടുക്കിയിരുന്നു. എന്നാൽ, ഇയാൾക്കു സംഭവത്തിൽ ബന്ധമില്ലെന്ന് പോലീസ് പറഞ്ഞു.
ജില്ലാ പോലീസ് മേധാവി കെ.എം. ടോമിയുടെ നിർദേശപ്രകാരം ആലപ്പുഴ എഎസ്പി ബി. കൃഷ്ണകുമാർ, ഡിവൈഎസ്പി പി.വി. ബേബി, സൗത്ത് ഇൻസ്പെക്ടർ കെ.എസ്. അരുണ്, എസ്ഐ വിജേഷ്, എഎസ്ഐമാരായ നെവിൻ, ഷാജിമോൻ, പ്രമോദ്, സീനിയർ സിപിഒമാരായ മോഹൻകുമാർ, ജാക്സണ്, വർഗീസ്, സുധീർ, സിപിഒമാരായ അരുണ്, വിജുലാൽ, പ്രവീഷ്, സിദ്ദീഖ്, സുഭാഷ്, ബൈജു സ്റ്റീഫൻ, റോബിൻസണ്, മൻസൂർ, ജാസ്മിൻ, ടീന, ബീന എന്നിവരും സംഘത്തിലുണ്ടായിരുന്നു.