മൂവാറ്റുപുഴ: വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി മർദിച്ചശേഷം റോഡിൽ തള്ളിയ യുവാവ് മരിക്കാനിടയായ സംഭവത്തിൽ കസ്റ്റഡിയിലെടുത്ത മൂന്നുപേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കോതമംഗലം തൃക്കാരിയൂർ ആയക്കാട്ട് കുന്നയ്ക്കാൽ ബിനോയ്(45)യുടെ മരണവുമായി ബന്ധപ്പെട്ട് പണ്ടപ്പിള്ളി സ്വദേശികളായ ആച്ചക്കോട്ടിൽ ജയൻ(52), വടക്കേക്കര മാത്യു ഐസക്(35), പൈകയിൽ ടോമി(53) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇവർക്കെതിരേ കൊലക്കുറ്റത്തിന് കേസെടുത്തു.
ഇന്നലെ വൈകുന്നേരം 6.30ഓടെ പണ്ടപ്പിള്ളി മുല്ലപ്പടി അക്വഡേറ്റിനു സമീപം ഗുരുതരമായി പരിക്കേറ്റ നിലയിൽ ബിനോയിയെ കണ്ടെത്തുകയായിരുന്നു. ബൊലേറോ ജീപ്പിലെത്തിയ സംഘം ബിനോയിയെ തള്ളിയിടുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഓടിയെത്തിയപ്പോഴേയ്ക്കും വാഹനം അതിവേഗം ഓടിച്ചുപോകുകയായിരുന്നു. നാട്ടുകാർ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പോലീസ് ബിനോയിയെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി 8.30ഓടെ മരിച്ചു.
ബിനോയിയെ വാഹനത്തിൽ കയറ്റി മദ്യം നൽകിയ ശേഷം മർദിച്ച് അവശനാക്കി അക്വഡേറ്റിനു സമീപം തള്ളുകയായിരുന്നുവെന്നും ജയനും ബിനോയിയും തമ്മിലുള്ള മുൻവൈരാഗ്യമാണ് സംഭവത്തിനു പിന്നിലെന്നുമാണ് പോലീസ് പറയുന്നത്. തന്നെ മർദിച്ചവരെക്കുറിച്ച് ബിനോയി പോലീസിന് മൊഴി നൽകിയതോടെ മൂവരെയും ഉടൻ പിടികൂടുകയായിരുന്നു.
ബിനോയിയെ കയറ്റിക്കൊണ്ടുപോയ ജയന്റെ വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബിനോയിയുടെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. പ്രതികളെ ഇന്ന് വൈകുന്നേരം കോടതിയിൽ ഹാജരാക്കും.