ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം ഗവ. ഹൈസ്കൂളിൽ എസ്എഫ്ഐയുടെ കൊടിമരം തകർത്ത് അടിവസ്ത്രം കെട്ടിയ സംഭവത്തിൽ എംഎസ്എഫ് പ്രവർത്തകൻ അറസ്റ്റിൽ. സ്കൂൾ വിദ്യാർഥിയായ 19 കാരനെയാണ് എസ്ഐ എം.പി. ഷാജി ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ചയാണ് സ്കൂൾ ഗേറ്റിന് സമീപം കോൺക്രീറ്റിൽ ഇരുമ്പ് പൈപ്പ് ഒരുക്കി കൊടിമരം സ്ഥാപിച്ചത്. ഇന്നലെ രാവിലെ കൊടിമരം പിഴുതുമാറ്റി കമ്പ് കുത്തി അടിവസ്ത്രം കെട്ടിയ നിലയിൽ കണ്ടതിനെത്തുടർന്ന് എസ്എഫ്ഐ പ്രവർത്തകർ പോലീസിൽ പരാതി നൽകുകയായിരുന്നു.
സ്കൂളിലെ സിസിടിവി ദൃശ്യം പരിശോധിച്ചാണ് പോലീസ് പ്രതിയെ പിടികൂടിയത്. ഞായറാഴ്ച രാത്രി ബൈക്കിലെത്തിയ ഇയാൾ കൊടിമരം തകർക്കുന്നതായി സിസിടിവി യിൽ വ്യക്തമായതിനെ തുടർന്നാണ് അറസ്റ്റ്. കേസിൽ ആകെ രണ്ട് പ്രതികളാണുള്ളത്. കൂട്ടുപ്രതിയായ വിദ്യാർഥിയെ പിടികൂടിയിട്ടില്ല.