കൊച്ചി: വൈറ്റില തൈക്കുടത്ത് ഒന്പതു വയസുകാരനെ കാലില് തേപ്പുപെട്ടിയും ചട്ടുകവും വെച്ച് പൊള്ളിച്ച സംഭവത്തില് കഴിഞ്ഞ മൂന്നാഴ്ചയായി കുട്ടി സ്ഥിരം മര്ദനത്തിന് ഇരയായിട്ടുണ്ടെന്ന് പോലീസ്.
കടയില് പോയി സധാനങ്ങള് വാങ്ങി വരാന് വൈകിയെന്ന കാരണത്താല് അങ്കമാലി ചമ്പാനൂര് കൈതാരത്ത് പ്രിന്സ് അരുണാണ് (19) കുട്ടിയെ ഉപദ്രവിച്ചത്. സംഭവത്തില് മരട് പോലീസ് അറസ്റ്റു ചെയ്ത ഇയാള് ഇപ്പോള് റിമാന്ഡിലാണ്.
ചോദ്യം ചെയ്യലില് ദേഷ്യത്തില് ചെയ്തതാണെന്നാണ് പറയുന്നതെങ്കിലും അത് വിശ്വസനീയമല്ലെന്നാണ് പോലീസ് പറയുന്നത്. നിയമപരമായി വിവാഹം ചെയ്തിട്ടില്ലാത്ത പ്രിന്സ് കുട്ടിയുടെ സഹോദരിക്കൊപ്പമാണ് താമസിക്കുന്നത്.
കുട്ടിയെ നിരന്തരം പീഡിപ്പിക്കുന്നുണ്ടെന്ന് നാട്ടുകാര് പറഞ്ഞു. കുട്ടിയുടെ അമ്മയ്ക്കും സഹോദരിക്കും പ്രിന്സിനെ ഭയമായതിനാല് എതിര്ക്കാന് കഴിഞ്ഞിരുന്നില്ല.
അച്ഛന് തളര്വാതം ബാധിച്ച് കിടപ്പിലാണ്. നാട്ടുകാര് സംഭവം കൗണ്സിലറിന്റെ ശ്രദ്ധയില്പ്പെടുത്തിയതിനെ തുടര്ന്ന് കൗണ്സിലറാണ് പോലീസില് വിവരം അറിയിച്ചത്.
പോലീസെത്തി കൂട്ടിയെ പരിശോധിച്ചപ്പോള് കാല്മുട്ടിലും പാതത്തിനടിയിലും പൊള്ളലേറ്റതിന്റെ പാടുകള് ഉണ്ടായിരുന്നു.
കടയില്പോയപ്പോള് കൊടുത്തുവിട്ട 200 രൂപ കാണാതെ പോയതിനാണ് ആദ്യം ചട്ടുകം വച്ചും പിന്നീട് തേപ്പുപെട്ടി വച്ചും പ്രതി കുട്ടിയെ പൊള്ളിച്ചത്. കാണാതെ പോയ പണം തെരഞ്ഞു സമയം പോയതിനാലാണ് വൈകിയത്.
വീട്ടിലെത്തിയ കുട്ടിയെ പ്രതി സ്നേഹത്തോടെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം ചൂടാക്കിയ ചട്ടുകം വച്ച് പൊള്ളിക്കുകയായിരുന്നു. ചട്ടുകത്തിന്റെ ചൂടാറിയപ്പോള് തേപ്പുപെട്ടിവച്ചു.
അമ്മ തടയാന് ശ്രമിച്ചു. എന്നാല് അമ്മ പോയതിന് ശേഷം വീണ്ടും പൊള്ളിച്ചു. ഇതിനു മുമ്പും ഇയാള് കുട്ടിയെ ഉപദ്രവിക്കാറുണ്ടായിരുന്നു.
മുഖത്ത് ഇടിക്കുകയും ബെല്റ്റിന് അടിക്കുകയും, പിന് കൊണ്ട് വരയുകയുമെല്ലാം ചെയ്തിട്ടുണ്ടെന്ന് കുട്ടി മൊഴി നല്കിയിട്ടുണ്ട്. ചികിത്സ നല്കിയ ശേഷം കുട്ടിയെ അച്ഛന്റെ സഹോദരന്റെ വീട്ടിലേക്ക് മാറ്റി.