ദുബായ് : ദുബായിലെ നായിഫ് ഏരിയയിൽ ഭിക്ഷാടനം നടത്തിയതിന് ഏഷ്യൻ വംശജരായ പുരുഷനേയും, സ്ത്രീയേയും കോടതി ശിക്ഷിച്ചു.
ഒരു മാസത്തെ തടവ് ശിക്ഷയാണ് ഇവർക്ക് ക്രിമിനൽ കോടതി വിധിച്ചത്. ജയിൽവാസത്തിന് ശേഷം ഇവരെ നാടുകടത്തും. പൊലീസ് പെട്രോളിംഗിനിടെയാണ് പുരുഷനെയും സ്ത്രീയെയും അറസ്റ്റ് ചെയ്തത്.
പൊലീസിന്റെ ചോദ്യം ചെയ്യലിൽ വിസിറ്റിംഗ് വിസയിലാണ് യു എ ഇയിൽ എത്തിയതെന്ന് ഇവർ സമ്മതിച്ചു. ഇവിടെ എത്തിയ ശേഷമാണ് ഭിക്ഷാടനം ജീവിതമാർഗമാക്കാൻ ഇവർ തീരുമാനിച്ചത്.
ഭിക്ഷാടനത്തിലൂടെ നല്ലൊരു തുക സമ്പാദിച്ച ശേഷം തിരികെ നാട്ടിലെത്തി ബിസിനസ് ചെയ്യാനായിരുന്നു പദ്ധതിയിട്ടത്. അറസ്റ്റിലായ പുരുഷന്റെയും സ്ത്രീയുടേയും കൈവശം നല്ലൊരു തുകയും പൊലീസ് കണ്ടെത്തി.
കഴിഞ്ഞ മാസവും അബുദാബിയിൽ ഭിക്ഷാടനം നടത്തിയതിന് നിരവധി പേർ അറസ്റ്റിലായിരുന്നു. ഇക്കൂട്ടത്തിൽ ആഡംബര കാർ ഓടിക്കുന്ന സ്ത്രീയും ഉൾപ്പെടുന്നു.
സ്ത്രീയെ രഹസ്യമായി നിരീക്ഷിച്ച ശേഷമായിരുന്നു അറസ്റ്റ്. നഗരത്തിലെ നിരവധി പള്ളികൾ കേന്ദ്രീകരിച്ചായിരുന്നു ഇവർ ഭിക്ഷാടനം നടത്തിയിരുന്നത്. ഇവിടേക്കായി യാത്ര ചെയ്യുന്നത്.
ആഡംബര കാറിൽ സ്വയം ഡ്രൈവ് ചെയ്തായിരുന്നു. ദൂരെ പാർക്ക് ചെയ്ത വാഹനത്തിലേക്ക് നടന്നാണ് ഇവർ എത്തിയിരുന്നത്.
ഭിക്ഷാടനത്തിൽ നിന്ന് ലഭിച്ച ധാരാളം പണവും ഇവരിൽ നിന്നും പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ വർഷം നവംബർ ആറിനും ഡിസംബർ 12നും ഇടയിൽ 159 യാചകരെ അറസ്റ്റ് ചെയ്തതായി അബുദാബി പൊലീസ് അറിയിച്ചു.