തലശേരി: തലശേരി നഗരത്തിൽ കാൽനട യാത്രികനെ കത്തി കാണിച്ച് അക്രമിച്ച് കീഴ്പ്പെടുത്തി കൊള്ളയടിച്ചു.
മണിക്കൂറുകൾക്കുള്ളിൽ അക്രമി സംഘത്തിലെ രണ്ട് പ്രതികളെ സിഐ സനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. ഇന്നലെ പുലർച്ചെ പുതിയ ബസ്സ്റ്റാൻഡിലെ ബ്രദേഴ്സ് ലൈനിലാണ് സംഭവം.
കോടിയേരി പപ്പന്റെപീടികക്കടുത്ത് കിഴക്കയിൽ വീട്ടിൽ കെ. കെ. രാധാകൃഷ്ണൻ (43), മുഴപ്പിലങ്ങാട് സഫിയ മൻസിലിൽ വി. റിയാസ് (35) എന്നിവരാണ് അറസ്റ്റിലായത്.
വീട്ടിലേക്ക് പോകുന്നതിനായി ബസ്സ്റ്റാൻഡിലേക്ക് പോകുകയായിരുന്ന കുട്ടിമാക്കൂൽ സ്വദേശി സുരേന്ദ്രനാണ് അ ക്രമത്തിനിരയായത്. ഇയാളെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി അടിച്ചു വീഴ്ത്തിയ മൂന്നംഗ സംഘം ഇയാളുടെ കൈവശമുണ്ടായിരുന്ന 45000 രൂപ കവർന്നെടുക്കുകയായിരുന്നു.
സുരേന്ദ്രന്റെ പരാതി പ്രകാരം കേസ് രജിസ്റ്റർ ചെയ്ത പോലീസ് ഉച്ചയോടെ തന്നെ പ്രതികളെ പിടികൂടുകയായിരുന്നു. പിടിയിലായ പ്രതികളിൽ നിന്നും 40,000 രൂപയും പോലീസ് കണ്ടെടുത്തു.
പ്രതികളെ പോലീസ് സംഘം വിശദമായി ചോദ്യം ചെയ്തു വരികയാണ്. അറസ്റ്റിലായ രണ്ട് പേരും മറ്റ് കേസുകളിലും പ്രതികളാണെന്ന് പോലീസ് പറഞ്ഞു.
പട്ടാപ്പകൽ നഗരമധ്യത്തിൽ മുഖത്ത് മുളക് പൊടി വിതറി എട്ട് ലക്ഷം കവർന്നതിന് പിന്നാലെയാണ് വീണ്ടും സമാനമായ കവർച്ച നടന്നിട്ടുള്ളത്.
ഇതിനു പുറമെ പോലീസ് സ്റ്റേഷന് വിളിപ്പാടകലെയുള്ള രണ്ട് ജ്വല്ലറികളിലും കവർച്ചാ ശ്രമം നടന്നിരുന്നു. 8 ലക്ഷം കവർന്ന സംഘത്തിലെ ഒരു പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.