കോട്ടയം: സ്വകാര്യ ബസിൽ യാത്രക്കാരുടെ പണവും സ്വർണമാലയും മോഷ്ടിച്ച അമ്മയും മകളുമടക്കം മൂന്നു തമിഴ്നാട് സ്വദേശിനികളെ കോട്ടയം വെസ്റ്റ് പോലീസ് പിടികൂടി.
തമിഴ്നാട് മധുര സ്വദേശികളായ തെയ്യമ്മ (48), മകൾ ദിവ്യ (30), ദിവ്യ (28) എന്നിവരെയാണ് പിടികൂടിയത്. രണ്ടു ബസുകളിലെ യാത്രക്കാരുടെ പണവും സ്വർണമാലയുമാണ് ഇവർ മോഷ്ടിച്ചത്. കോട്ടയം പയ്യപ്പാടി റൂട്ടിൽ സർവീസ് നടത്തുന്ന സോനാ ബസിലെ യാത്രിക്കാരിയുടെ പണമടങ്ങിയ പഴ്സ് മോഷ്ടിച്ച ദിവ്യയെ യാത്രക്കാർ ചേർന്നു തടഞ്ഞുവച്ചശേഷം പോലീസിനെ വിളിച്ചുവരുത്തുകയായിരുന്നു.
കോട്ടയം – കുമരകം റൂട്ടിൽ സർവീസ് നടത്തുന്ന കാർത്തിക ബസിൽ യാത്ര ചെയ്തിരുന്ന വൃദ്ധയുടെ മാല പൊട്ടിച്ച തെയ്യമ്മ, മകൾ ദിവ്യ എന്നിവരെ യാത്രക്കാരും കണ്ടക്ടറും ചേർന്ന് തടഞ്ഞുവച്ചശേഷം പോലീസിനു കൈമാറുകയായിരുന്നു. കോട്ടയം വെസ്റ്റ് എസ്എച്ച്ഒ എം.ജെ. അരുണ്‍, എസ്ഐ ടി. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.
മൂവരുടെയും പേരിൽ തമിഴ്നാട്ടിൽ നിരവധി മോഷണക്കേസുകളുള്ളതായി ഈസ്റ്റ് പോലീസ് പറഞ്ഞു. മോഷണം കുലത്തൊഴിലാളി സ്വീകരിച്ച കാട്ടുനായ്കർ വിഭാഗത്തിൽപ്പെട്ട ഇവർ സംഘമായി എത്തി മോഷണം നടത്തുകയാണ് പതിവ്. ഇവരുടെ സംഘത്തിൽപ്പെട്ട ആണുങ്ങൾ മോഷണ മുതലുമായി തമിഴ് നാട്ടിലേക്കു മടങ്ങുമെന്നും പോലീസ് പറഞ്ഞു.