അടിമാലി: ടിവി ചാനൽ മാറ്റുന്നതുമായി ബന്ധപ്പെട്ട് സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടയിൽ ജ്യേഷ്ഠൻ അമ്മിക്കല്ലുകൊണ്ടുള്ള ഇടിയേറ്റു മരിച്ച സംഭവത്തിൽ ഇളയ സഹോദരൻ ജോഷ്വയെ വെള്ളത്തൂവൽ പോലീസ് അറസ്റ്റ് ചെയ്തു. കൊന്നത്തടി കന്പിളികണ്ടം കന്പിലൈൻ സ്വദേശി വെളളയാന്പൽ ജോസഫാണ് മരിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഡ്രൈവിംഗ് പരിശീലനം കഴിഞ്ഞ് ജോസഫ് വൈകുന്നേരം വീട്ടിലെത്തിയപ്പോൾ ജോഷ്വാ ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്നു. തുടർന്ന് ചാനൽ മാറ്റുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തർക്കത്തിലേർപെട്ടു. അൽപസമയത്തിനുശേഷം ജോഷ്വാ പുറത്തു പോകുകയും അമ്മിക്കല്ലുമായി മടങ്ങിയെത്തി വീടിനുള്ളിലെ സോഫയിൽ കിടക്കുകയായിരുന്ന ജോസഫിനെ അമ്മിക്കല്ലുപയോഗിച്ച് തുടരെ ഇടിച്ചു.
തുടർന്ന് ജോഷ്വ അയൽവീട്ടിലെത്തി വിവരമറിയിച്ചു. അയൽവാസികൾചേർന്ന് ജോസഫിനെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രാത്രിയോടെ ജോസഫ് മരിച്ചു.
ആക്രമണം നടത്തിയ ജോഷ്വയെ കോതമംഗലത്തുനിന്നും കസ്റ്റഡിയിലെടുത്തതായി വെള്ളത്തൂവൽ സ്റ്റേഷൻ ഇൻചാർജ് എം.വി. സ്കറിയ പറഞ്ഞു. പിതാവിന്റെ കിഡ്നി സംബന്ധമായ ചികത്സയുമായി ബന്ധപ്പെട്ട് മറ്റു കുടുംബാംഗങ്ങൾ ആശുപത്രിയിലായിരുന്നതിനാൽ സഹോദരങ്ങൾ ഇരുവരും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. തലയ്ക്കേറ്റ ഗുരുതര ക്ഷതമാണ് ജോസഫിന്റെ മരണത്തിന് ഇടവരുത്തിയത്.
ജോഷ്വയെ വെള്ളത്തൂവൽ പോലീസ് കന്പിലൈനിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. വിരലടയാള വിദഗ്ധർ തെളിവുകൾ ശേഖരിച്ചു. തുടർന്ന് ജോഷ്വയെ കോടതിയിൽ ഹാജരാക്കി.ജോസഫിന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.ആറുമാസം മുന്പാണ് ഇവരുടെ കുടുംബം കന്പിലൈനിലെ വാടകവീട്ടിൽ താമസമാരംഭിച്ചത്.