ആലുവ: ചെക്ക് കേസിൽ പ്രതിയായി ഖത്തറിൽ ഒളിവിൽ കഴിയുന്ന ഭർത്താവിനെ നാട്ടിലെത്തിക്കാമെന്നു വാഗ്ദാനം നൽകി വീട്ടമ്മയിൽനിന്നു രണ്ടേകാൽ കോടി രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേർ പിടിയിൽ.
കാഞ്ഞിരമറ്റം പള്ളിയിലെ ഇമാമായ പേഴക്കാപ്പിള്ളി കല്ലുവെട്ടിക്കുഴിയിൽ മുഹമ്മദ് അസ്ലം മൗലവി (50), കാഞ്ഞിരപ്പള്ളി പാലക്കൽ മുഹമ്മദ് ബിജ്ലി (54) എന്നിവരെയാണ് എറണാകുളം റൂറല് ജില്ലാ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
പ്രവാസിയായ മൂവാറ്റുപുഴ സ്വദേശി പട്ടരുമഠം അലിക്കുഞ്ഞിന്റെ ഭാര്യ അനീഷയിൽനിന്നാണു പലപ്പോഴായി സംഘം പണം തട്ടിയെടുത്തത്.
അസ്ലം മൗലവി അറബിക് കോളജ് ചെയർമാനാണെന്നും മുഹമ്മദ് ബിജ്ലി ഖത്തറിലെ വ്യവസായി ആണെന്നും അതിനാൽ ചെക്ക് കേസിൽനിന്ന് അലിക്കുഞ്ഞിനെ രക്ഷപ്പെടുത്താനാകുമെന്നുമാണ് അനീഷയെ വിശ്വസിപ്പിച്ചത്. അറ്റ്ലസ് രാമചന്ദ്രൻ ഉൾപ്പെടെ നിരവധി പ്രമുഖരെ തങ്ങൾ ഈവിധം രക്ഷപ്പെടുത്തിയിട്ടുണ്ടെന്നും പ്രതികൾ അവകാശപ്പെട്ടിരുന്നു.
അനീഷ മുഖ്യമന്ത്രിക്കു നൽകിയ പരാതിയെത്തുടർന്ന് ആലുവ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി രാജീവിന്റെ നേതൃത്വത്തിലാണു പ്രതികളെ അറസ്റ്റ് ചെയ്തത്. കൂടുതൽ പേർ ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ടിട്ടുണ്ടോ യെന്നറിയാനായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ 27 വരെ റിമാൻഡ് ചെയ്തശേഷം കോവിഡ് പരിശോധനയുടെ ഭാഗമായി അങ്കമാലി കറുകുറ്റി കോവിഡ് ചികിത്സാ കേന്ദ്രത്തിൽ താമസിപ്പിച്ചിരിക്കുകയാണ്.
ദക്ഷിണ കേരള ജമായത്ത് ഉലമ യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റായിരുന്ന മുഹമ്മദ് അസ്ലം പള്ളികൾ വഴിയുള്ള ബന്ധം വർഷങ്ങളായി ദുരുപയോഗം ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. റിയൽ എസ്റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിനെതിരേ ആരോപണങ്ങൾ ഉയർന്നിരുന്നു.