വൈപ്പിൻ: ഭാര്യയോടു പണം ചോദിച്ചിട്ടു നൽകാതിരുന്നതിനെത്തുടർന്നു ഗൃഹനാഥൻ വീട്ട് സാമഗ്രികൾക്ക് തീയിട്ടു. കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. പുതുവൈപ്പ് ബസ് സ്റ്റോപ്പിനു തെക്ക് പടിഞ്ഞാറ് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ചെല്ലാനം കണ്ടക്കടവ് വലിയകണ്ടത്തിൽ ജയപ്രകാശാണ് വീടിനു തീവച്ചത്.
ഇതിനുശേഷം സ്ഥലംവിട്ട ഇയാളെ ഏറെ താമസിയാതെ ഞാറക്കൽ പോലീസ് പിടികൂടി. കുറച്ച് കാലമായി ജയപ്രകാശും ഭാര്യ സ്മിതയും രണ്ടു കുട്ടികളുംകൂടി പുതുവൈപ്പ് മേനാച്ചേരി ശാലിനി ഡൊമിനിക്കിന്റെ വീട്ടിൽ വാടകയ്ക്ക് താമസിച്ചുവരികയാണ്. ഈ മാസം 31ന് വീട് ഒഴിയണമെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്ന് കുറച്ച് ദിവസം മുന്പ് പണയത്തുകയായ 3.5 ലക്ഷം രൂപ സ്മിതയ്ക്ക് ശാലിനി തിരിച്ചു നൽകിയിരുന്നു.
ഇതോടെ ജയപ്രകാശ് പണം തനിക്ക് വേണമെന്ന് ആവശ്യപ്പെട്ട് ദിവസവും ഭാര്യയുമായി കലഹവും ആരംഭിച്ചു. സഹിക്കവയ്യാതെ വന്നപ്പോൾ സ്മിത ഞാറക്കൽ പോലീസിൽ പരാതി നൽകി. ഇതിനിടെയാണ് ഇയാൾ വീട്ട് സാമഗ്രികൾക്ക് തീയിട്ട് കടന്നുകളഞ്ഞത്. തീ പടർന്ന് ജനൽച്ചില്ലുകളെല്ലാം തകർന്നു. കട്ടിലും മറ്റ് വീട്ട് ഉപകരണങ്ങളുമെല്ലാം കത്തിനശിച്ചു.
വാർക്ക വീടായതുകൊണ്ട് പുറത്തേക്ക് തീ പടർന്നില്ല. പോലീസ് എത്തുന്പോൾ കട്ടിലും മറ്റ് ഉപകരണങ്ങളും കത്തിക്കൊണ്ടിരിക്കുകയായിരുന്നു. പിന്നീട് പോലീസാണ് തീ കെടുത്തിയത്.