കോഴക്കോട്: പോക്സോ കേസ് പ്രതിയെ ജയിലില്‍ എത്തിച്ചിട്ടും ജയിലിധികൃതര്‍ മണിക്കൂറുകളോളം പുറത്ത് നിര്‍ത്തിയ സംഭവത്തില്‍ പോലീസ് മജിസ്ട്രേറ്റിന് പരാതി നല്കി. കോഴിക്കോട് ടൗണ്‍ പോലീസാണ് ജില്ലാജയിലധികൃതര്ക്കെതിരേ പോക്സോ കോടതി മജിസ്ട്രേറ്റിന് പരാതി നല്‍കിയത്. തിരുവമ്പാടി പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലെ പ്രതി എം.ആബിദിനെയാണ് പോലീസ് ജയിലിലെത്തിച്ചിട്ടും അധികൃതര്‍ അകത്തേക്ക് കയറ്റാതെ പുറത്ത് നില്ക്കാന് ആവശ്യപ്പെട്ടത്.
മണിക്കൂറുകളോളം കാത്തിരുന്ന പ്രതി ഒടുവില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. പോലീസ് അവസരോചിതമായി ഇടപെട്ടതിനെ തുടര്‍ന്നാണ് പിടികൂടാനായത്. ഇക്കഴിഞ്ഞ എട്ടിനാണ് കേസിനാസ്പദമായ സംഭവം. ഉച്ചയ്ക്ക് 12.45 ഓടെയാണ് പോക്സോ കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തത്.
കോടതി ടൗണ്‍ പോലീസിന്റെ പരിധിയിലായതിനാല്‍ പ്രതികളെ ജയിലില്‍ എത്തിക്കേണ്ട ചുമതല ടൗണ്പോലീസിനാണ്. ഇതേതുടര്‍ന്ന് എസ്ഐ ബിജിത്ത് പ്രതിയെ കോടതിയില്‍ എത്തിക്കുന്നതിനായി രണ്ടു പോലീസുകാരെ ചുമതലപ്പെടുത്തുകയും അവര്‍ക്ക് പോവാനുള്ള പോലീസ് ജീപ്പ് നല്‍കുകയും ചെയ്തു. 12.45 ഓടെ പ്രതിയെ കോടതി പോലീസിന് കൈമാറി.
ബീച്ച് ജനറല്‍ ആശുപത്രയില്‍ വൈദ്യപരിശോധന നടത്തുകയും ആരോഗ്യപ്രശ്നങ്ങളില്ലെന്ന് മെഡിക്കല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്ത പ്രതിയെ കോഴിക്കോട് ജില്ലാ ജയിലിലെത്തിച്ചപ്പോള്‍ ജയിലധികൃതര്‍ നടപടി സ്വീകരിച്ചില്ല.
പ്രതിക്ക് അസുഖമുണ്ടെന്നും സൂപ്രണ്ട് വരാതെ നടപടിയെടുക്കാനാവില്ലെന്നും ജയിലധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് മണിക്കൂറുകളോളം ഉച്ച ഭക്ഷണം പോലും കഴിക്കാതെ പോലീസും പ്രതിയും ജയില്വളപ്പിലിരുന്നു. എസ്ഐ വിവരമറിയുകയും സ്ഥലത്തെത്തുകയും ചെയ്തു. ജയിലധകൃതരുമായി സംസാരിച്ചെങ്കിലും പ്രതിയെ അവര്‍ സ്വീകരിച്ചില്ല. ഇതിനിടെ 2.45 ഓടെ ജയിലിന്റെ മതിലിനു മുകളിലിരിക്കുകയായിരുന്ന പ്രതി താഴേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പോലീസ് ഉടന്‍ തന്നെ പ്രതിയ്ക്ക് പിന്നാലെ ഓടി പിടികൂടുകയായിരുന്നു.