കൊച്ചി: അതിമാരകമായ മയക്കുമരുന്ന് ഇനത്തില്‍പ്പെട്ട എക്സ്റ്റസി പില്‍സുമായി രണ്ടു യുവാക്കള്‍ പോലീസ് പിടിയിലായി. എറണാകുളം പുതുവൈപ്പ് പങ്കിയത്ത് വീട്ടില്‍,സച്ചിന് സേവ്യർ(23), ആലപ്പുഴ വണ്ടാനം മൂലശേരി വീട്ടില്‍ ഫഹദ് റഹ്മാന്(32) എന്നിവരെയാണ് ഏറ്റവും വിനാശകാരിയായ മസറാട്ടി ശ്രേണിയില്‍ ഉള്ള എക്സ്റ്റസി പില്‍സുമായി കൊച്ചി സിറ്റി ഡാന്‍സാഫ് സംഘവും പാലാരിവട്ടം പോലീസും ചേര്‍ന്ന് പിടികൂടിയത്.
ആലപ്പുഴ സ്വദേശിയായ ഫഹദ് രണ്ടുവര്‍ഷത്തോളമായി ഇടപ്പള്ളിയില്‍ വാടകയ്ക്ക് താമസിച്ചു വരുകയാണ്. ഇവര്‍ ബാംഗ്ലൂര്‍ ,തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് ലഹരിവസ്തുക്കള്‍ വാങ്ങി എറണാകുളം നഗരത്തില്‍ യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും കൂടിയ വിലയില്‍ വില്പന നടത്തി വരികയായിരുന്നു. ഇവര്‍ മാസങ്ങളായി ഡാന്‍സാഫ് ടീമിന്റെ നിരീക്ഷണത്തിലായിരുന്നു.
കൊച്ചി സിറ്റി ഡപ്യൂട്ടി കമ്മീഷണര്‍ ജി. പൂങ്കുഴലയുടെ നിര്‍ദ്ദേശപ്രകാരം അസി. കമ്മീഷണ് എസ്.ടി. സുരേഷ് കുമാർ, ഡാന്‍സാഫ് എസ്ഐ സാജന് ജോസഫ്, പാലാരിവട്ടം എസ്ഐ ബിബിന്‍ എന്നിവരാണ് പ്രതികളെ അറസ്റ്റു ചെയ്തത്. മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായുള്ള മയക്കു മരുന്നു ഉപയോഗത്തിനെതിരെ കൊച്ചിന് പോലീസ് കമ്മീഷണറേറ്റിന്റെ ഡ്രഗ് ഫ്രീ കൊച്ചി എന്ന പ്രചാരണത്തിന്റെ ഭാഗമായി ഡിസ്ട്രിക് ആന്റി നാര്‍ക്കോട്ടിക്ക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സ് (ഡാന്‍സാഫ്) കൊച്ചിയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പരിശോധന നടത്തിവരുകയാണ്. മയക്കുമരുന്ന് കടത്ത് നിയന്ത്രിക്കുന്നതിന് 100 പോലീസ് ഉദ്യോഗസ്ഥരെയും,15 ഡാന്‍സാഫ് അംഗങ്ങളെയും കമ്മീഷണറേറ്റില്‍ വിന്യസിച്ചിട്ടുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാഖറേ അറിയിച്ചു.