തലശേരി: വിജിലൻസ് ചമഞ്ഞ് തലശേരി സ്വദേശിയെ കോയമ്പത്തൂരിൽ വെച്ച് കൊള്ളയടിച്ച സംഭവത്തിൽ തൃശൂർ സ്വദേശികൾ ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ.
സ്വർണാഭരണം വാങ്ങാൻ കോയമ്പത്തൂരിലെത്തിയ തലശേരി സ്വദേശി നൗഷാദിന്റെ പതിമൂന്ന് ലക്ഷം രൂപ കവർന്ന സംഭവത്തിലെ പ്രതികളെയാണ് കോയമ്പത്തൂർ സിറ്റി കമ്മീഷണർ സുമിത്ത് സരൺ, ക്രൈം ഡെപ്യൂട്ടി കമ്മീഷണർ പെരുമാൾ ഐപിഎസ്, സെൻട്രൽ ക്രൈം അസി. കമ്മീഷണർ സോമശേഖരൻ എന്നിവരുടെ നേതൃത്വത്തിലുള്ള രത്നപുരി പോലീസ് അറസ്റ്റ് ചെയ്തത്.സംഭവത്തിൽ ഉൾപ്പെട്ട രണ്ട് കാറുകളും ഒമ്പത് ലക്ഷം രൂപയും പോലീസ് കണ്ടെടുത്തു.
തിരുപ്പൂർ ഉദുമൽപേട്ടിൽ താമസിക്കുന്ന തൃശൂർ ചെറപ്പൂർ ഒറ്റൂർ കളം പുത്തൻ വീട്ടിൽ അരവിന്ദൻ (42), പാലക്കാട് ആലത്തൂർ ചിറ്റിലഞ്ചേരി നീലിച്ചേരൻ ഹൗസിൽ ശിവ എന്ന ബാബു എന്ന ജലീൽ (37), തിരുപ്പൂർ ഉദുമൽപേട്ട് യു.കെ.സി നഗറിൽ താമസിക്കുന്ന തൃശൂർ തൃപ്രയാർ കറുപ്പൻ ഹൗസിൽ അഗിത്ത് (26), കോയമ്പത്തൂർ രത്നപുരി രാധാകൃഷ്ണൻ റോഡ് ഡോർ നമ്പർ 59 ൽ പത്മനാഭൻ (50), കോയമ്പത്തൂർ പാളയം കോവന്നൂർ കാമാച്ചിപുരം നിൽഗ്രിസിൽ നടരാജൻ (63), കോയമ്പത്തൂർ കെ.കെ പുതൂർ സുബ്ബ നാനം സ്ട്രീറ്റിൽ കമലേഷ് (42) എന്നിവരാണ് അറസ്റ്റിലായത്.
ജൂലൈ 17നാണ് കേസിനാസ്പദമായ സംഭവം. ഇന്നോവ കാറിലെത്തിയ സംഘം നൗഷാദിൽ പണം കവരുകയായിരുന്നു. ആറു പേരിൽ ഒരാൾ പോലീസ് യൂണിഫോമിലാണെത്തിയത് .കോയമ്പത്തൂർ ക്രൈം സ്കോഡ് ഒരാഴ്ചക്കുള്ളിൽ തന്നെ പ്രതികളെ പിടികൂടി.