ബ്രിസ്റ്റളിലുള്ള ഒരു കെയർ ഹോമിലെ താമസക്കാരിയാണ് ആനി ബ്രോക്കൻ ബ്രോ. 104 വയസുള്ള ആനി ആ കെയർ ഹോമിലുള്ള എല്ലാവരുമായും തികച്ചും സൗഹാർദ പരമായാണ് പെരുമാറിയിരുന്നത്. ഇന്നലെ കെയർ ഹോമിലുള്ളവരെയെല്ലാം അന്പരപ്പിച്ച് പോലീസെത്തി ആനി മുത്തശിയെ അറസ്റ്റ് ചെയ്തു.
അറസ്റ്റ് ചെയ്യാൻ പോലീസെത്തിയതും സന്തോഷത്തോടെ മുത്തശി അവരോടൊപ്പം ചെന്ന് വണ്ടിയിൽ കയറി. എന്താ സംഭവിക്കുന്നതെന്ന് മനസിലാകാതെ നിന്നവരോട് പോലീസ് തന്നെ സംഭവങ്ങൾ വിവരിച്ചു.
ബ്രിസ്റ്റളിൽ ഒരു സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ പ്രായമാർക്കുവേണ്ടി ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. പ്രായമായവരുടെ ഇതുവരെയും നടക്കാത്ത ഒരു ആഗ്രഹം നടപ്പാക്കിക്കൊടുക്കുക എന്നതായിരുന്നു പരിപാടിയുടെ ഉദ്ദേശ്യം. ഇതിൻപ്രകാരം ബ്രിസ്റ്റളിലെ പ്രായമായവർക്കെല്ലാം സംഘടന ഒരു ഫോം നൽകി. അതിൽ അവർക്ക് തങ്ങളുടെ ആഗ്രഹം രേഖപ്പെടുത്താം.
ഇങ്ങനെ ആഗ്രഹം രേഖപ്പെടുത്തിയ ഫോം ബ്രിസ്റ്റളിലുള്ള ഒരു കോഓപ്പറേറ്റീവ് സ്റ്റോറിന്റെ മുന്പിൽ പ്രദർശിപ്പിച്ചു. ഇതുകാണുന്ന പൊതുജനങ്ങൾക്ക് അവരെക്കൊണ്ട് പറ്റുന്ന ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കാൻ അവസരമുണ്ടായിരുന്നു. ആനി മുത്തശി തനിക്ക് കിട്ടിയ ഫോമിൽ എഴുതിയ ആഗ്രഹം പോലീസിനാൽ അറസ്റ്റ് ചെയ്യപ്പെടണം എന്നതായിരുന്നു.
ജീവിതത്തിൽ ഇതുവരെ നിയമം അനുസരിച്ചു മാത്രം ജീവിച്ചതുകൊണ്ട് അറസ്റ്റ് ചെയ്യപ്പെടാനോ ജയിലിൽ പോകാനോ കഴിഞ്ഞിട്ടില്ല എന്നതായിരുന്നു മുത്തശിയുടെ സങ്കടം. മുത്തശിയുടെ ഈ ആഗ്രഹം രേഖപ്പെടുത്തിയ ഫോം കണ്ട ഒരു പോലീസുകാരൻ ഇതു സഹപ്രവർത്തകരുമായി പങ്കുവയ്ക്കുകയും എല്ലാവരുംകൂടെ മുത്തശിയെ അറസ്റ്റ് ചെയ്യാൻ തീരുമാനിക്കുകയുമായിരുന്നു. ഏതായാലും വയസാം കാലത്ത് ജയിലിൽ കയറാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആനി മുത്തശി.