മയ്യിൽ: നാറാത്ത് വീട്ടിൽ നിന്ന് നാലര പവൻ സ്വർണാഭരണം കവർന്ന സംഭവത്തിൽ വീട്ടുകാരിയായ യുവതി അറസ്റ്റിൽ. പാമ്പുരുത്തി റോഡിലെ ദാറുൽ ആയിഷാസിൽ മൊയ്തീൻ ഹാജിയുടെ മകന്റെ ഭാര്യ ഷംസിയയെ (22) യാണ് മയ്യിൽ എസ്ഐ ബി. ദിനേശനും സംഘവും അറസ്റ്റ് ചെയ്തത്.
ജനുവരി 21ന് രാത്രി പത്തോടെയായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിലെ കിടപ്പുമുറിയിലെ അലമാര തുറന്ന് ബാഗിൽ സൂക്ഷിച്ച ഒന്നര പവന്റെ മൂന്ന് വളകൾ മോഷണം പോയെന്നായിരുന്നു പരാതി.
മൊയ്തീൻ ഹാജിയുടെ പരാതിയിൽ പോലീസ് കേസെടുക്കുകയും കണ്ണൂരിൽ നിന്നെത്തിയ വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും വീട്ടിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു.
സംഭവ സമയം മൊയ്തീൻ ഹാജിയും ഭാര്യയും മകനും ഷംസിയയുമാണ് വീട്ടിലുണ്ടായിരുന്നത്. യുവതിയെ ചോദ്യം ചെയ്തപ്പോൾ പരസ്പര വിരുദ്ധമായ മൊഴികൾ നൽകിയതോടെ പോലീസ് അന്വേഷണം വീട്ടിലുള്ളവരിലേക്ക് കേന്ദ്രീകരിക്കുകയായിരുന്നു.
ബാങ്കിൽ പണയം വച്ച സ്വർണം തിരിച്ചെടുക്കാനാണ് വളകൾ മോഷ്ടിച്ചെതെന്ന് യുവതി പോലീസിന് മൊഴി നൽകി. മോഷണം പോയ ഒരു വള പള്ളിക്കുന്ന് ബാങ്കിൽ പണയം വച്ചതായി പോലീസ് കണ്ടെത്തി.
അന്വേഷണം തന്നിലേക്ക് എത്തുമെന്ന് വ്യക്തമായതോടെ മറ്റു രണ്ടു വളകൾ കണ്ണൂർ ടൗണിൽ ഉപേക്ഷിച്ചതായും ഇവർ പോലീസിനോട് പറഞ്ഞു.