സുൽത്താൻ ബത്തേരി: ബത്തേരി പോലീസ് നടത്തിയ റെയ്ഡിൽ കൊലപാതക കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളായ നാലംഗ ക്വട്ടേഷൻ സംഘത്തെ വടിവാൾ സഹിതം പിടികൂടി. എറണാകുളം ആലുവ കോട്ടയക്കകത്ത് ഒൗറംഗസീബ് (39), കണിയാന്പറ്റ കൊഴിഞ്ഞങ്ങാട് കളംപറന്പിൽ ഫഹദ്(24), ബത്തേരി പുത്തൻകുന്ന് പാലപ്പെട്ടി സംജാദ്( 27), കുപ്പാടി തണ്ടാശേരി കൂഞ്ഞൂട്ടൻ എന്ന അക്ഷയ് (21) എന്നിവരാണ് പിടിയിലായത്.
പഴുപ്പത്തൂർ ചപ്പക്കൊല്ലിയിലെ ഹോംസ്റ്റേ കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡിലാണ് പ്രതികൾ വലയിലായത്. സംഘം പോലീസിനുനേരെ വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചെങ്കിലും സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. ചൊവ്വാഴ്ച അർധ രാത്രിയോടെ ബത്തേരി പഴുപ്പത്തൂർ ചപ്പക്കൊല്ലിയിൽ വച്ചാണ് സംഘം പിടിയിലായത്.
ബത്തേരി അഡീഷണൽ എസ്ഐ ഇ അബ്ദുള്ളയ്ക്ക് കിട്ടിയ സൂചനയുടെ അടിസ്ഥാനത്തിൽ മാനന്തവാടി ഡിവൈഎസ്പി എംകെ കുബേരൻ നന്പൂതിരിയുടെ നിർദേശപ്രകാരം ബത്തേരി എസ്ഐ സണ്ണിതോമസിന്റെ നേതൃത്വത്തിൽ എഎസ്ഐ ബി. സുലൈമാൻ, സിപിഒമാരായ സജാദ്, ബിനോയ്, സമീർ, ബിജു എന്നിവരാണ് പ്രതികളെ പിടികൂടിയത്.
സംഘത്തിനെതിരെ ആയുധം കൈവശം വച്ചതിനും പോലീസിന്റെ കൃത്യ നിർവഹണം തടസപ്പെടുത്തിയതിനും കേസെടുത്തു. സംഭവത്തിൽ ഇവരെ ഇവിടെ എത്തിച്ചതായി പറയുന്ന മലപ്പുറം സ്വദേശിക്കായും സംഘത്തിൽ നിന്നും ഓടി രക്ഷപ്പെട്ടപ്രതിക്കായും അന്വേഷണം ഉൗർജ്ജിതപ്പെടുത്തി.
അറസ്റ്റിലായ കന്പളക്കാട് സ്വദേശി ഫഹദിനെതിരെ കരിപ്പൂർ വിമാനതാവളത്തിൽ യാത്രക്കാരനിൽ നിന്നും സ്വർണ്ണം കവർച്ചചെയ്തതുമായി ബന്ധപ്പെട്ടത് അടക്കം രണ്ട് കേസുകളും ഒൗറംഗ സീബിനെതിരെ കൊലപാതകമടക്കം കർണാടകയിലും സംസ്ഥാനത്തിന്റെ വിവിധ സ്റ്റേഷനുകളിലുമായി ഏഴു കേസുകളും സംജാദിനെതിരെ ബത്തേരി സ്റ്റേഷനിലും വനംവകുപ്പിലുമായി പതിനഞ്ചു കേസുകളും അക്ഷയ്ക്കെതിരെ ബത്തേരി സ്റ്റേഷനിൽ മൂന്ന് അടിപിടികേസുകളും നിലവിലുള്ളതായി പോലീസ് പറഞ്ഞു.