കൊല്ലം: ഒരാഴ്ചമുന്പ് ആലപ്പുഴയിൽ ആരോഗ്യപ്രവർത്തകയെ ആക്രമിച്ച കേസിൽ ഒളിവിൽ പോയ പ്രതികൾ പിടിയിൽ.
തിരുവനന്തപുരം കഠിനംകുളം സ്വദേശി നിശാന്ത് (28), കടയ്ക്കാവൂർ സ്വദേശി റോയി(26) എന്നിവരാണ് കൊല്ലത്ത് പിടിയിലായത്. കൊല്ലം ബീച്ചിൽനിന്ന് ബൈക്ക് മോഷ്ടിച്ച് കടക്കുന്നതിനിടയിലാണ് ഒരാൾ പിടിയിലായത്.
ബൈക്ക് കസ്റ്റഡിയിൽ
ഇവരിൽ ഒരാൾ സഞ്ചരിച്ച ബൈക്കുംപോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ സന്ധ്യയോടെയാണ് ഇയാളെ പിടികൂടിയത്.
റോയിയെആലപ്പുഴയിൽനിന്ന് രാത്രിയിൽ പോലീസ് പിടികൂടുകയായിരുന്നുവെന്നാണ് ലഭിച്ചവിവരം. ഇരുവരും നിരവധി സ്ത്രീകളുടെ മാലപൊട്ടിച്ചെടുത്തതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
പ്രതികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ഇവരെ ആലപ്പുഴ പോലീസിന് കൈമാറും.
ഒരാഴ്ച മുന്‍പാണ് കൊവിഡ് ഡ്യൂട്ടി കഴിഞ്ഞുമടങ്ങിയ ആരോഗ്യപ്രവർത്തകയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. ആലപ്പുഴ തൃക്കുന്നപ്പുഴ പാനൂരിന് സമീപമാണ് സംഭവം.
സിസിടിവി
ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെ ആരോഗ്യ പ്രവര്‍ത്തകയ്ക്കു നേരെയായിരുന്നു അതിക്രമം. ഇതിനിടെ പൊലീസ് പട്രോളിംഗ് വാഹനം എത്തിയതോടെ ബൈക്കിലെത്തിയവര്‍ കടന്നുകളയുകയായിരുന്നു.
യുവതിയെ അടിച്ചുവീഴ്ത്തിയതിന് പിന്നാലെ സ്വര്‍ണ്ണാഭരണങ്ങള്‍ കവരാനായിരുന്നു ആദ്യശ്രമം.
എന്നാല്‍ സംഭവ സ്ഥലത്ത് എത്തിയ തൃക്കുന്നപ്പുഴ പൊലീസിന്റെ പട്രോളിങ് സംഘത്തെ കണ്ട് അക്രമികൾ രക്ഷപ്പെടുകയായിരുന്നു. പ്രദേശത്ത് നിന്ന് ലഭിച്ച അവ്യക്തമായ സിസിടിവി ദൃശ്യങ്ങളെ ചുറ്റിപ്പറ്റിയായിരുന്നു അന്വേഷണം.