കുണ്ടറ: കോളജ് വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായ മതിലിൽ അരുൺ ഭവനിൽ അരുൺ കൃഷ്ണനെ (20) വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ട് ആർഎസ്എസ് പ്രവർത്തകരെ അഞ്ചാലുംമൂട് പോലീസ് അറസ്റ്റ് ചെയ്തു.
ചവറ തെക്കുംഭാഗം വൃന്ദാവനത്തിൽ വിനു കൃഷ്ണൻ (24), പാലയ്ക്കൽ തറയിൽ വീട്ടിൽ ദീപു (34) എന്നിവരെയാണ് എസ്ഐ ദേവരാജനും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 27നായിരുന്നു അരുൺ കൃഷ്ണനെ ഇരുവരും ചേർന്ന് വെട്ടി പരിക്കേൽപ്പിച്ചത്.
വീട്ടിൽ നിന്നിറങ്ങിയ അരുണിന് പിന്നാലെയെത്തി രാഖി കെട്ടാൻ നിർബന്ധിച്ചതിനെ എതിർത്തതാണ് അക്രമത്തിന് കാരണമായതെന്ന് പറയപ്പെടുന്നു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
ഇതിനിടെ പ്രതികളെ അറസ്റ്റ് ചെയ്തതറിഞ്ഞ് പോലീസ് സ്റ്റേഷന് മുന്നിലെത്തിയ ഡിവൈഎഫ്ഐ-ആർഎസ്എസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടലിന്റെ വക്കിലെത്തി. ഇരുവിഭാഗക്കാരെയും പിരിച്ചുവിടാൻ പോലീസിന് നന്നേ പണിപ്പെടേണ്ടി വന്നു.